Monthly Archive September 2018

സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹം

സൗരയൂഥത്തിന്റെ അതിരിനപ്പുറം കുയ്പ്പര്‍ ബെല്‍ടില്‍ അതിശൈത്യത്തിന്റെ അനന്തതയിലെങ്ങോ ഒരു ഗ്രഹം, സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹം പാത്തും പതുങ്ങിയും സൂര്യനെ ചുറ്റുന്നുണ്ടോ എന്ന് സംശയിക്കുന്നു.

പസാഡീനയിലെ കാല്‍ടെക്കിലെ (കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി) യിലെ കോണ്‍സ്റ്റാന്‍റിന്‍ ബെട്ഗിനും മൈക്കല്‍ ബ്രൗണും, ഭൂമിയേക്കാള്‍ പത്ത് ഇരട്ടി വലുപ്പമുള്ള ഇത്തരം ഒരു ഗ്രഹം ഉണ്ടാവാം എന്ന് ഉറപ്പിച്ച് പറയുന്നു. വിഡിയോ കാണുക  അവരുടെ കണക്കുകള്‍ അനുസരിച്ച് അത് ഏതാണ്ട് 400 നും 1500 നും സൗരദൂരത്തിലാകാന്‍ സാദ്ധ്യതയുണ്ട്. എന്ന് വച്ചാല്‍ സൂര്യനില്‍ നിന്നും 6000 കോടിക്കും 22000കോടിക്കും കിലോ. മീറ്റര്‍ ദൂരത്തിനും ഇടയ്ക്കാകാം. 2018 ജനുവരി 20 ന്റെ ആസ്ട്രോണോമിക്കല്‍ ജര്‍ണല്‍ എന്ന മാസികയിലാണീ വിവരം പുറത്ത് വിട്ടത്.

2014 മുതല്‍ ഇത്തരം ഒരു ഗ്രഹത്തിന്റെ സാന്നിധ്യത്തെപ്പറ്റി ശസ്ത്രലോകത്തിന് സംശയമുണ്ടായിരുന്നു. അന്ന് നെപ്ട്യൂണിനപ്പുറത്ത് സൗരപ്രതലത്തെ മുറിച്ച്കടക്കുന്ന പഥമുള്ള പന്ത്രണ്ടോളം വസ്തുക്കളെ സംശയിച്ചിരുന്നു. സൗരപ്രതലത്തെ ഇവ മുറിച്ചുകടക്കാനുള്ള അവസരം വെറും 0.007 %മാത്രമാണെന്നും മനസിലാക്കിയിരുന്നു. ഇത്തരം ചെറുവസ്തുക്കളെ ഒരു വലിയ ഗ്രഹത്തിന് സൗരപ്രതലത്തെ മുറിച്ചുകടക്കാന്‍ കൂട്ടത്തോടെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കോണ്‍സ്റ്റാന്റിന്‍ ബെട്ഗിന്‍ പറയുന്നു. ഒരു ആട്ടിടയന്‍ ആട്ടിന്‍പറ്റത്തെ തെളിച്ചുകൊണ്ട് പോവുന്നത്പോലെ.  2005 ല്‍ പ്ലൂട്ടോയെ സൗരയൂഥത്തില്‍ നിന്നും പുറത്താക്കിയത് ഓര്‍മയുണ്ടാവുല്ലോ. ആ സംഭവത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ഇതേ മൈക്കല്‍ ബ്രൗണ്‍ തന്നെയായിരുന്നു. അന്ന് ബ്രൗണ്‍, കുയ്പര്‍ബെല്‍ടില്‍, കണ്ട്പിടിച്ച പ്ലൂട്ടോയേക്കാള്‍ വലുപ്പമുള്ള വസ്തുവായിരുന്നു പ്ലൂട്ടോയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ കാരണമായത്. ഇത്തരം ഒരു ഗ്രഹത്തിന്റെ സാധ്യതയെപ്പറ്റി അരിസോണ യുണിവേഴ്സിറ്റിയിലെ പ്ലാനറ്ററി സയന്റിസ്റ്റ്  രേണു മല്‍ഹോത്രയും ശരിവയ്ക്കുന്നു. “ ഇത് വരെ ലഭ്യമായ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഒരു ഗ്രഹം അവിടെയെങ്ങോ ഒളിച്ചു കളിക്കുന്നുണ്ട്.”