POST DETAILS

വാനനിരീക്ഷണം-ഭാഗം-3 നിരീക്ഷണത്തിന് മുമ്പ്

ഗംഗാധരന്‍ വെള്ളൂര്‍:

ആകാശത്തേക്ക് നോക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നാം നിരീക്ഷിക്കുന്ന മലയാളമാസം ഏതാണെന്ന് അറിയുക. കാരണം ഏത് മാസത്തിലാണോ നിരീക്ഷിക്കുന്നത് പ്രസ്തുതരാശിയിലായിരിക്കും സൂര്യന്‍ ഉണ്ടാവുക. സൂര്യാസ്തമയത്തോടൊപ്പം മേല്‍ പറഞ്ഞ രാശിയും ഏതാണ്ട് അസ്തമിച്ചിരിക്കും. (ഒരു രാശി അതായത് ഏതാണ്ട് 30º വരുന്ന ആകാശഭാഗം, അസ്തമിക്കാന്‍ രണ്ട് മണിക്കൂര്‍ സമയം വേണം. അതനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും).

അസ്തമയരാശിക്ക് ശേഷമുള്ള ആറു രാശികളായിരിക്കും സന്ധ്യാകാശത്ത് കാണപ്പെടുക. അതായത് തുലാമാസത്തിലാണ് നിരീക്ഷിക്കുന്നതെങ്കില്‍ സൂര്യന്‍ തുലാരാശിയിലായിരിക്കും. മേടമാസത്തിലാണെങ്കില്‍ മേടം രാശിയിലായിരിക്കും സൂര്യന്റെ സ്ഥാനം. അതിനാല്‍ സൂര്യന്‍ നില്‍ക്കുന്ന രാശിക്ക് ശേഷമുള്ള ആറു രാശികളായിരിക്കും സന്ധ്യാകാശത്ത് കാണുക. ഉദാഹരണം: തുലാമാസത്തിലാണെങ്കില്‍ സൂര്യന്‍ തുലാം രാശിയിലായിരിക്കും അതിന് ശേഷമുള്ള വൃശ്ചികം, ധനു, മകരം, കംഭം, മീനം, മേടം എന്നീ രാശികളായിരിക്കും സന്ധ്യകാശത്ത് കാണപ്പെടുക. ഇവ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഏതാണ്ട് ആകാശമധ്യത്തിലായി ക്രമത്തില്‍ കാണുവാന്‍ കഴിയും. നക്ഷത്രരാശികളുടെ ചിത്രം കൈയിലുണ്ടെങ്കില്‍ നിരീക്ഷണം എളുപ്പമായി. രാശികളെക്കാണാന്‍ ഉറക്കമൊഴിച്ച് കാത്തിരിക്കണമെന്നില്ല. രാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് നോക്കിയാല്‍ സന്ധ്യക്ക് കിഴക്ക് കണ്ട നക്ഷത്രഗണമായ മേടം രാശി പടിഞ്ഞാറു ഭാഗത്ത് അസ്തമിക്കുന്നത് കാണാന്‍ കഴിയും.സന്ധ്യക്ക് കാണുവാന്‍ കഴിയാത്ത നക്ഷത്രരാശികള്‍ ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നിവ പ്രഭാതാകാശത്ത് ക്രമത്തില്‍ പടിഞ്ഞാറു നിന്ന്

കിഴക്കോട്ട് നിരന്ന് നില്‍ക്കുന്നതായി കാണാം. സൂര്യന്‍ നില്‍ക്കുന്ന രാശിയെ തന്മാസത്തില്‍ കാണുവാന്‍ കഴിയുകയില്ല. ഈ ക്രമത്തില്‍ പന്ത്രണ്ടില്‍ പതിനൊന്ന് രാശികളെയും ഒരു ദിവസം നിരീക്ഷിക്കുവാന്‍ കഴിയും.സൂര്യന്‍ നില്‍ക്കുന്ന രാശിയെ അടുത്ത മാസത്തില്‍ രാവിലെ ആകാശത്ത് കാണുവാന്‍ കഴിയും.

 

ഒരു രാശി അസ്തമിക്കുവാന്‍ 2 മണിക്കൂര്‍   

ഒരു രാശി എന്നാല്‍ രാശി ചക്രത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗമാണല്ലോ. അതായത് 360 º⁄12 =30º. ഭൂമി 4 മിനുട്ടില്‍ ഒരു ഡിഗ്രി വീതമാണല്ലോ ഭ്രമണം ചെയ്യുന്നത്. അതിനാല്‍ 30º ചക്രവാളത്തില്‍ നിന്നും മറയാന്‍ 30 x 4 =120 മിനുട്ട് അല്ലെങ്കില്‍ 2 മണിക്കൂര്‍ വേണ്ടി വരും. ജ്യോതിര്‍ഗണിതത്തില്‍ രാശിപ്രമാണം എന്ന് പറയുന്നത് ഇതാണ്. അതനുസരിച്ച് ഓരോ രാശിയുടെയും ദൈര്‍ഘ്യമനുസരിച്ച് രാശികളുടെ ഉദയാസ്തമയ സമയദൈര്‍ഘ്യവും  വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

 

 

ഉദാഹരണം

     രാശി                               രാശി-പ്രമാണം                                        സമയദൈര്‍ഘ്യം

                                                നാഴിക-വിനാഴിക                                 മണിക്കൂര്‍-മിനുട്ട്

 

            മേടം                                    4.32                                                                 1. 48               

            ഇടവം                                  5.07                                                                 2. 03

            മിഥുനം                              5.29                                                                 2.12 

            കര്‍ക്കിടകം                      5.23                                                                 2.10

            ചിങ്ങം                                 5.08                                                                 2.03

            കന്നി                                     5.01                                                                 2.00

            തുലാം                                  5.16                                                                 2.6

            വ‍ശ്ചികം                             5.30                                                                 2.12

            ധനു                                         5.2                                                                   2.08

            മകരം                                     4.46                                                                 1.54

            കുംഭം                                    4.17                                                                 1.42

            മീനം                                       4.11                                                                 1.40    

 

 

നാഴിക-വിനാഴിക

പ്രാചീനകാലത്ത് ഭാരതത്തില്‍ സമയം കണക്കാക്കിയിരുന്നത് നാഴിക-വിനാഴികകളിലായിരുന്നു. കലണ്ടര്‍ എന്ന വാക്കിന് പകരം ഉപയോഗിച്ചത് പഞ്ചാംഗം എന്ന പദമാണ്. വാരം, തിഥി, നക്ഷത്രം, കരണം, നിത്യയോഗം എന്നീ അഞ്ച് കാലഗണന സമ്പ്രദായത്തിന്  പൊതുവെ പറയുന്ന പേരാണ് പഞ്ചാംഗം. ഇന്നും പഞ്ചാംഗങ്ങളില്‍ സമയക്രമം നാഴിക വിനാഴികകളില്‍ തന്നെയാണ്. മണിക്കൂര്‍-മിനുട്ടിലേക്ക് മാറിയിട്ടില്ല. ഒരു ദിവസം 60 നാഴികയായാണ് കണക്കാക്കുന്നത്. അതായത്

 

                        60 നാഴിക        =           24   മണിക്കൂര്‍

                        60/24                    =           2.5       =         1 മണിക്കൂര്‍(60 മിനുട്ട്)

                        60 മിനുട്ട്           =            2.5 മണിക്കൂര്‍

                        1 നാഴിക            =            60 /2.5     =    24 മിനുട്ട്

                        1 നാഴിക            =            24 മിനുട്ട്

 

            ഒരു നാഴികയെ 60 വിനാഴികയായും വിനാഴികകളെ കല, വികല എന്നിങ്ങനെയും വിഭജിച്ചിട്ടുണ്ട്.

 

സൂര്യാസ്തമയം കഴിഞ്ഞ് 2മണിക്കൂര്‍ കൊണ്ട് ഒരു രാശി പടിഞ്ഞാറ് അസ്തമിക്കുകയും അതനുസരിച്ച് ഒരു രാശി കിഴക്ക് ഉദിക്കുകയും ചെയ്യും. നിരീക്ഷണസമയത്ത് ഓരോ രാശി അസ്തമിക്കുന്നതും ഉദിക്കുന്നതും കാത്തിരിക്കേണ്ടതില്ല. ഇവയെ എല്ലാം ഒന്നിച്ച് കാണുവാന്‍രാവിലെ അഞ്ച് മണിക്ക് നിരീക്ഷിച്ചാല്‍ മതിയാകും.

 

 

ഉദയാല്‍പരവും അസ്തമയാല്‍പരവും

ഏതൊക്കെ രാശികള്‍ എവിടെയൊക്കെ ഏത് സമയത്ത് കാണാം എന്ന് കൃത്യമായി അറിയണമെങ്കില്‍ അസ്തമയാല്‍പരം (സൂര്യാസ്തമയത്തിന് ശേഷമുള്ള രാശിദൈര്‍ഘ്യം) അറിയേണ്ടതുണ്ട്. അതിന് നിരീക്ഷണദിവസത്തിന്റെ മലയാള (കൊല്ലവര്‍ഷം) തീയതി കൂടി അറിയണം. അതനുസരിച്ച് അസ്തമയരാശിയില്‍ സൂര്യന്റെ സ്ഥാനം സാമാന്യമായി കണക്കാക്കുവാന്‍ കഴിയും. ഉദാ: നിരീക്ഷിക്കുന്നത് തുലാം 5 നാണെങ്കില്‍സൂര്യന്റെ സ്ഥാനം തുലാം രാശിയില്‍ ഏതാണ്ട് 5° കഴിഞ്ഞ സ്ഥാനത്തായിരിക്കും.അഞ്ച് ഡിഗ്രി രാശിഭാഗം അസ്തമിക്കുവാന്‍ 5 x 4 = 20 മിനുട്ട് വേണം. അതിനാല്‍ രാവിലെ കിഴക്കന്‍ ചക്രവാളത്തില്‍ തുലാം രാശി ഉദിച്ചു തുടങ്ങി 20 മിനുട്ട് കഴിയുമ്പോഴായിരിക്കും സൂര്യന്‍ ഉദിക്കുക. വൈകുന്നേരം തുലാംരാശി അസ്തമിച്ചു തുടങ്ങിയതിനും 20 മിനുട്ട് കഴിഞ്ഞതിന് ശേഷമായിരിക്കും സൂര്യന്‍ അസ്തമിക്കുക. അതായത് സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞാല്‍ തുലാം രാശിയുടെ 25º ഭാഗം കൂടി അസ്തമിക്കുവാന്‍ ബാക്കിയുണ്ട്.

25º ഭാഗം അസ്തമിക്കുവാന്‍ 25 x 4 =100 മിനുട്ട് (1 മണിക്കൂര്‍ 40 മിനുട്ട്) സൂര്യാസ്തമയം 6.20 നാണെങ്കില്‍ 6.20 + 1.40 =8 മണി. അതായത് രാത്രി എട്ടുമണിക്കായിരിക്കും തുലാം പൂര്‍ണമായി അസ്തമിക്കുക. 8 മണിക്ക് ശേഷം വൃശ്ചികം, ധനു, മകരം, കുംഭം,മീനം, മേടം എന്നീ ആറു രാശികളെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് ക്രമത്തില്‍ കാണുവാന്‍ കഴിയും.

 

 

                                                                                                         (തുടരും) 

Leave a Reply