Instruments

ഒരു നിഴല്‍ ഘടികാരം (സൂര്യഘടികാരം) ഉണ്ടാക്കാം -ഉപകരണങ്ങള്‍ -3

മനുഷ്യര്‍ നിഴല്‍ അളന്ന് സമയം നോക്കാന്‍ തുടങ്ങിയിട്ട്  ഏറെക്കാലമായി. സൂര്യഘടികാരവും പൗരാണികര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വാച്ചും ക്ലോക്കും ഘടികാരവും മറ്റും വന്നിട്ട് ഏറെക്കാലമായിട്ടില്ല. എഴുപതു കൊല്ലങ്ങള്‍ക്ക് മുമ്പ് പോലും നമ്മുടെ മുത്തശ്ശിമാര്‍ കാല് കൊണ്ട് നിഴല്‍ അളന്ന് സമയം പറയുന്നത് കണ്ടിട്ടുണ്ട്. ക്ലോക്കും ഘടികാരവും  വാച്ചും വ്യാപകമായപ്പോള്‍ അതിന്റെ ആവശ്യമില്ലാതെയായി.

സൂര്യന്റെ നിഴല്‍ നോക്കി സമയം കണ്ടുപിടിച്ചാല്‍ കൃത്യത ഉണ്ടാകില്ല എന്നത് നമുക്ക് അറിയാം. രാവിലെയും വൈകുന്നേരവും നിഴലിന് നീളം കൂടുമല്ലോ. ഈ കുഴപ്പം പരിഹരിച്ചാണ് പൗരാണികര്‍ സൂര്യഘടികാരം ഉണ്ടാക്കിയത്. ജലഘടികാരം പോലെ, മണല്‍ഘടികാരം പോലെ സൂര്യഘടികാരവും വളരെ പുരാതനകാലം മുതലേ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ‍നമുക്ക് കൃത്യതയുള്ള ഒരു സൂര്യഘടികാരം നമുക്ക് ചുറ്റും ലഭ്യമായ വസ്തുക്കള്‍ കൊണ്ട്  ഉണ്ടാക്കിനോക്കാം.

എന്തൊക്കെ സാധനങ്ങള്‍ വേണ്ടിവരും

ആറടി നീളം ,പത്ത് ഇഞ്ച് വീതി, ഒരിഞ്ച് കനമുള്ള ഒരു പ്ലൈവുഡ് പലക.

ഒരു പ്രൊട്രാക്ടര്‍

പെന്‍സില്‍

ആശാരി ഉപയോഗിക്കുന്ന അറക്കവാള്‍

വീതി കുറഞ്ഞ മറ്റൊരു വാള്‍(Coping Saw)

ഉരക്കടലാസ് (Sand Paper)

മരം ഒട്ടിക്കാനുള്ള പശ

റൂളര്‍

മാര്‍ക്കര്‍ പെന്‍

രണ്ടിഞ്ച് വുഡ് സ്ക്രു രണ്ടെണ്ണം

ഡ്രില്‍ മെഷ്യന്‍,ബിറ്റ്

മരത്തിനടിക്കുന്ന വാര്‍ണിഷ്

ഒരു മാഗനറ്റിക്ക് കോമ്പാസ്

ലോക അറ്റ്ലാസ്

ഒരു സ്പിരിറ്റ് ലവല്‍

 

ഇത്രയും ഉപകരണങ്ങളും വസ്തുക്കളും ഉണ്ടായാല്‍ ഒരു സൂര്യഘടികാരം (Sun-Dial) ഉണ്ടാക്കാം. സൂര്യഘടികാരത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒരു ഭാഗത്തിന് നോ-മോണ്‍ (Gno-Mon) എന്നും രണ്ടാമത്തേതിന് ബേസ് (Base) എന്നും പറയും.

നിര്‍മാണം

ആദ്യം നമുക്ക് നോ-മോണ്‍ ഉണ്ടാക്കാം. അതിന് ശേഷം ബേസ് ഉണ്ടാക്കി നോ-മോണ്‍ അതില്‍ ഉറപ്പിക്കണം. ഒരിഞ്ച് കനമുള്ള പ്ലൈവുഡില്‍ നിന്നും ചിത്രം ഒന്നില്‍ കാണിച്ചത് പോലെ 8″ വീതിയില്‍ ഒരു കഷണം മുറിച്ചെടുക്കണം. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കോണ്‍  aസണ്‍-ഡയല്‍ ഉണ്ടാക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ (Latitude) കോണായിരിക്കണം. ഇത് അറിയാന്‍ എളുപ്പമാര്‍ഗം ഇന്റര്‍നെറ്റില്‍ ഗൂഗിളില്‍ തെരയുകയാണ്. ചിത്രത്തില്‍ ഒന്നില്‍ കാണിച്ചിരിക്കുന്ന നേര്‍ രേഖാ ഭാഗം മുറിക്കാന്‍ അറക്കവാളും വളഞ്ഞ ഭാഗം മുറിക്കാന്‍ കോപ്പിങ്ങ് വാളും ഉപയോഗിക്കാം. മുറിച്ചെടുത്ത ശേഷം ഉരക്കടലാസ് ഉപയോഗിച്ച് മുറിവായ നന്നായി വൃ‍ത്തിയാക്കുക. മുറിച്ചെടുത്ത പലകയില്‍ വളവോ തിരിവോ ഉണ്ടായിരിക്കരുത് എന്ന് ശ്രദ്ധിക്കണം.

                     

 

 

              

 

നോ-മോണിന് വേണ്ടി മുറിച്ചെടുത്ത പ്ലൈവുഡിന്റെ ശേഷം ഭാഗത്ത് നിന്നും ബേസ് പലകക്ക് വേണ്ടി 11½ ” വീതിയില്‍ മറ്റൊരു കഷണം (ചിത്രം 2) മുറിച്ചെടുത്ത് വൃത്തിയാക്കുക. ഒരു പരന്ന പ്രതലത്തില്‍ വെച്ച് പലകക്ക് ഇളക്കമില്ലെന്ന് ഉറപ്പാക്കുക. മുറിച്ചവെച്ച നോ-മോണിന്റെ 8” വീതിയുള്ള അടിവശത്ത് മരപ്പശ തേച്ച് ബേസ് പ്ലേറ്റിന്റെ കൃത്യം മധ്യത്തില്‍ കുത്തനെ നിര്‍ത്തുക.( ചിത്രം 3) നോ-മോണ്‍ നന്നായി ഉറച്ചിരിക്കുന്ന വിധത്തില്‍ അമര്‍ത്തണം. 2” സ്ക്രൂകള്‍ രണ്ടെണ്ണം ബേസ് പ്ലേറ്റിന്റെ  അടിവശത്ത് നിന്നും മേലോട്ട് ചിത്രം 4 ല്‍ കാണിച്ചത് പോലെ ഘടിപ്പിച്ചാല്‍ നോ-മോണ്‍ ബേസ് പലകയില്‍ നന്നായി ഉറച്ചിരിക്കും. ഇനി ഈ നിര്‍മിതിയെ ഉരക്കടലാസ് കൊണ്ട് നന്നായി ഉരച്ച് മിനുസപ്പെടുത്തി വുഡ് വാര്‍ണിഷ് ഒന്നോ രണ്ടോ പ്രാവശ്യം അടിച്ച് ഉണക്കിയെടുക്കണം. നന്നായി ഉണങ്ങിയ ബേസ് പ്ലോറ്റിന്റെ മുന്‍വശത്ത് ചിത്രം അഞ്ചില്‍‍ കാണിച്ചത് പോലെ ‘ N’എന്ന ഇംഗ്ലീഷ അക്ഷരം മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ച് എഴുതുക.