POST DETAILS

ജന്തര്‍മന്തര്‍

കെ.പി.ഏലിയാസ്

ഒരുപാടു കാലമായി കൊണ്ടു നടന്ന ഒരാഗ്രഹമായിരുന്നു ജയ്പൂര്‍ സന്ദര്‍ശിക്കണമെന്നും ജന്തര്‍മന്തര്‍ പോയി കാണണമെന്നും. അപ്രതീക്ഷിതമായിട്ടാണ് ഒരവസരം ഒത്തുവന്നത്. കൂട്ടത്തില്‍ ചാണ്ടിഗഢും സന്ദര്‍ശിക്കാനായി. അതിനിടയില്‍ ഒരിക്കല്‍ കൂടി ആഗ്രയും.
19 ജ്യോതിശാസ്ത്രനിര്‍മ്മിതികളുടെ ഒരു സമാഹാരമാണ് ജന്തര്‍മന്തര്‍. 1734 ലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്, രജപുത്രരാജാവായ ജയ്സിംഗ് രണ്ടാമനാണ് നിര്‍മ്മാതാവ്. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനായി
നിര്‍മ്മിച്ച ഈ നിരീക്ഷണകേന്ദ്രം ഇപ്പോള്‍ ലോകപൈതൃകസ്ഥാനമായി യുനെസ്കോ ഏറ്റെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷം തോറും ജന്തര്‍മന്തര്‍ സന്ദര്‍ശിക്കുന്നു.
‘ജന്തര്‍’ എന്നത് യന്ത്രത്തിനേയും ‘മന്തര്‍’ എന്നത് കണക്കുകൂട്ടലിനേയും സൂചിപ്പിക്കുന്നു. കണക്കുകൂട്ടുന്ന യന്ത്രം ( calculating instrument) എന്നര്‍ത്ഥം. 1688-1743 ആണ് ജയ്സിങ്ങിന്റെ ജീവിതകാലം. അച്ഛന്റെ മരണത്തെതുടര്‍ന്ന് 1700 ല്‍ പതിനൊന്നാം വയസ്സില്‍ ജയ്സിങ്ങ് രാജ്യഭാരം
ഏറ്റെടുത്തു. സാഹിത്യത്തിലും ഗണിതത്തിലും ശാസ്ത്രത്തിലും ഒക്കെ താല്‍പര്യമുണ്ടായിരുന്ന ജയ്സിങ്ങ് പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു.
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ നഗരം പണികഴിപ്പിച്ചത് ജയസിങ്ങാണ്. ഇന്ത്യയിലെ ആദ്യത്തെ പ്ലാന്‍ഡ് സിറ്റിയായിരുന്നു ഇത്. അന്നത്തെ ജയ്പൂര്‍ ഇപ്പോഴും പിങ്ക് സിറ്റി എന്ന പേരില്‍
സംരക്ഷിക്കപെട്ടിട്ടുണ്ട്. രാജാവിന് യാത്രപുറപ്പെടാന്‍ പറ്റിയ ശുഭമുഹൂര്‍ത്തത്തെക്കുറിച്ച്
മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദ് ഷായുടെ കൊട്ടാരത്തില്‍ വച്ച് 1719 ല്‍ കൊട്ടാരം ജ്യോതിഷികള്‍ തമ്മില്‍ നടന്ന ഒരു ചൂടുപിടിച്ച ചര്‍ച്ച ജയ്സിങ്ങിന്റെ ശ്രദ്ധയില്‍ പെട്ടു. ജ്യോതിശാസ്ത്രത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം ഇതേതുടര്‍ന്ന് അന്ന് നിലവിലുണ്ടായിരുന്ന ഇസ്ലാമിക പഞ്ചാംഗങ്ങള്‍ പരിശോധിക്കുകയും കാലകാലമായി ഉപയോഗിച്ചു വന്നിരുന്ന അവയില്‍ കാര്യമായ തെറ്റുകള്‍ വന്നിട്ടുള്ളതായി മനസ്സിലാക്കുകയും ചെയ്തു. സൂര്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും പരിക്രമണ കാലം കൃത്യമായി നിര്‍ണ്ണയിക്കുന്നതിലുള്ള പരിമിതിയായിരുന്നു ഈ തെറ്റുകളുടെ പ്രധാന കാരണം.

ഈ കാലങ്ങളൊന്നും സ്ഥിരമല്ലെന്നതാണ് മറ്റൊരു കാരണം. സാധാരണ കണക്കുകൂട്ടലുകള്‍ക്ക് ഒരു വര്‍ഷത്തിന് 365 ദിവസം എന്നെടുത്താല്‍ മതി. കൂടുതല്‍ കൃത്യമായി നിരീക്ഷിച്ചപ്പോഴാണ് ഇത്
365.25 ദിവസമാണെന്നു മനസ്സിലാകുന്നത്. ദീര്‍ഘമായ കാലങ്ങള്‍  കണക്കാക്കുമ്പോള്‍ ഈ വ്യത്യാസം കാര്യമായ തെറ്റുകള്‍ക്ക് കാരണമാകും. നിരീക്ഷണം കുറേക്കൂടി കൃത്യമായപ്പോള്‍ ഒരു വര്‍ഷം 365.256363004 ദിവസമായി. ഇത് നിര്‍ണ്ണയിക്കാന്‍ ഒരു സെക്കന്‍ഡിന്റെ
പതിനായിരത്തിലൊരംശത്തില്‍ കൂടുതല്‍ കൃത്യതയോടെ സമയം അളക്കാനുള്ള
ഉപകരണങ്ങള്‍ വേണം. ഗലീലിയോയുടെ കാലത്തുപോലും ജലഘടികാരങ്ങളും നിഴല്‍
ഘടികാരങ്ങളുമൊക്കെയാണ് പ്രചാരത്തിലുണ്ടായിരുന്നത്. തന്റെ നാഡിമിടിപ്പുമായി താരതമ്യം ചെയ്താണ് ഗലീലിയോ തന്റെ പരീക്ഷണങ്ങളില്‍ വസ്തുക്കളുടെ വേഗത നിര്‍ണ്ണയിച്ചത്.
ഇന്നും നമ്മുടെ നാട്ടില്‍ പഞ്ചാംഗങ്ങള്‍ പ്രചാരത്തിലുണ്ട്. ആര്‍ക്കറിയാം അവയിലൊക്കെ എത്രമാത്രം ശരിയുണ്ടെന്ന്. വസന്തവിഷുവം ഇപ്പോള്‍ സംഭവിക്കുന്നത് മാര്‍ച്ച് മാസത്തിലാണ്. പണ്ട് ഇത് ഏപ്രില്‍ മാസത്തിലായിരുന്നു. ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മുന്‍നീക്കം(Precession പുരസരണം) എന്ന പ്രതിഭാസമാണ് ഇതിനു കാരണം. പക്ഷെ നമ്മള്‍ ഇന്നും വിഷു ആഘോഷിക്കുന്നത് ഏപ്രിലില്‍ തന്നെയാണല്ലോ. പഞ്ചാംഗം പോലെ ഉപയോഗശൂന്യമായ സങ്കേതങ്ങളൊക്കെ പരിശോധിച്ച്ശരിയാക്കാന്‍ ആര്‍ക്കു സമയമുണ്ട്. ഇല്ലാത്ത ഭാവി നിര്‍ണ്ണയിക്കാനാണ് അവഉപയോഗപ്പെടുത്തുന്നതെന്നതുകൊണ്ട് ആ കണക്കുകള്‍ എത്രമാത്രം പിഴച്ചാലുംആര്‍ക്കും ഒരു ദോഷവും സംഭവിക്കാനില്ല. ഇതൊന്നും ഒരിക്കലും തെറ്റില്ലെന്ന്
പാറപോലെ ഉറച്ച വിശ്വാസം കൂട്ടിനുള്ളിടത്തോളം പ്രശ്നമൊന്നുമുണ്ടാവില്ല. പറ്റിക്കപ്പെടുന്നത് ശരിയായ കണക്കുപയോഗിച്ചാണോ തെറ്റായ കണക്കുപയോഗിച്ചാണോ എന്നത് തട്ടിപ്പിന് വിധേയനാവാന്‍ വേണ്ടി മെനക്കെട്ടു നടക്കുന്നവര്‍ക്ക് പ്രശ്നമല്ലല്ലോ.
രാജാ ജെയ്സിങ്ങ് അന്നു നിലവിലുണ്ടായിരുന്ന പഞ്ചാംഗങ്ങളിലെ തെറ്റുകള്‍ കണ്ടെത്തി. അവ തിരുത്താനുള്ള ശ്രമത്തിന്റെ ഫലമായാണ് ഡെല്‍ഹി, മഥുര, ബനാറസ്, ഉജ്ജയിന്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ചു ജന്തര്‍മന്തറുകള്‍ ഉണ്ടാവുന്നത്. ഇവയില്‍ മഥുരയൊഴികെ ബാക്കിയെല്ലാം ഇന്നും നിലവിലുണ്ട്. ജയ്പൂരും വാരണാസിയും ഉജ്ജയിനും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. സമയവും കാലവും കണക്കാക്കാന്‍ കൂടുതല്‍ കൃത്യവും ലളിതവുമായ മറ്റുമാര്‍ഗങ്ങളുള്ളതുകൊണ്ട് നമുക്ക് ഇന്ന് ഇവയുടെ ആവശ്യമില്ലെന്നു മാത്രം. തീപ്പെട്ടിയും
ലൈറ്ററുമൊക്കെയുള്ളപ്പോള്‍ അരണികടഞ്ഞ് തീയുണ്ടാക്കാന്‍ ആരും മെനക്കെടില്ലല്ലോ. ജയ്സിങ്ങിന്റെ കാലം കഴിയുകയും പുതിയ സംവിധാനങ്ങള്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്തതോടെ ഈ നിരീക്ഷണകേന്ദ്രങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നു പറയാം. പക്ഷെ അവയുടെ ചരിത്രപരമായ മൂല്യം അളവറ്റതാണ്.
ടോളമിയുടെ പ്രപഞ്ചസിദ്ധാന്തമനുസരിച്ച് നിര്‍മ്മിച്ചിട്ടുള്ളവയില്‍ ഏറ്റവും മികച്ച ഒരു ഒബ്സെര്‍വേറ്ററിയാണ് ജന്തര്‍മന്തര്‍. സമയം കണക്കാക്കുക, ഗ്രഹണങ്ങള്‍ പ്രവചിക്കുക, ഭൂമിയുടെ പ്രദക്ഷിണത്തിനനുസരിച്ച് പ്രധാന നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം നിര്‍ണ്ണയിക്കുക തുടങ്ങിയവയാണ് ഇവിടെയുള്ള ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍. പ്രധാനപ്പെട്ടവ ചിലതിന്റെ
ലഘുവിവരണം താഴെചേര്‍ക്കുന്നു.

1.ചക്രയന്ത്ര (Chakra Yanthra).

ഒരു നിശ്ചിത അക്ഷത്തെ കേന്ദ്രമാക്കി തിരിയാവുന്ന രണ്ടുലോഹവലയങ്ങളാണിത്. നടുവിലെ ദ്വാരത്തിലൂടെ ഒരു കുഴല്‍ കടത്തി അതിലൂടെയാണ് ജ്യോതിര്‍ഗോളങ്ങളെ നിരീക്ഷിക്കുന്നത്. അവയുടെ റൈറ്റ് അസെന്‍ഷന്‍ (RightAscension) ഡെക്ലിനേഷന്‍(Declination) തുടങ്ങിയവ ഇങ്ങനെ നിര്‍ണ്ണയിക്കുന്നു. ഇവ ജ്യോതിര്‍ഗോളങ്ങളുടെ വാനത്തെ നിര്‍ദ്ദേശാങ്കങ്ങളാണ്. മേടബിന്ദുവില്‍ നിന്ന് ഒരുനക്ഷത്രം എത്രസമയം അകലെയാണെന്നതാണ് അതിന്റെ റൈറ്റ് അസന്‍ഷന്‍.
ഡെക്ലിനേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആകാശഗോളത്തിലെ അക്ഷാംശം തന്നെയാണ്. ഇതിന് അപഭ്രംശം, താഴ്ച എന്നൊക്കെ പറയും. ഈ അളവുകളും സമയവും ഉണ്ടെങ്കില്‍ നക്ഷത്രത്തെ കണ്ടെത്താന്‍ കഴിയും.

ചക്രയന്ത്ര

2.ദക്ഷിണ ഭിത്തിയന്ത്ര (Dakshin Bhitti Yanthra).

ജ്യോതിര്‍ഗോളങ്ങളുടെ Meridian, Altitude, (ഉച്ചസ്ഥിതി, അക്ഷാംശം) തുടങ്ങിയവ നിര്‍ണ്ണയിക്കാനുപയോഗിക്കുന്നു. പേരുസൂചിപ്പിക്കുന്നതുപോലെ കൃത്യമായും തെക്കുവടക്കു ദിശയില്‍ നിര്‍മ്മിച്ചിരിക്കുന്നതും മുകളിലേക്കു കയറാന്‍രണ്ട് ഭാഗത്തും പടവുകളുള്ളതുമായ ഒരു ഭിത്തിയാണിത്.

ദക്ഷിണഭിത്തിയന്ത്ര

3. ദിഗംശയന്ത്ര (Digamsha Yanthra).
രണ്ട് ഏകകേന്ദ്രവൃത്തങ്ങള്‍ക്കുള്ളിലായി നിര്‍മ്മിച്ചിട്ടുള്ള ഒരു തൂണാണിത്. അസിമത്(Azimuth), നക്ഷത്രദിക്ക് അഥവാ ദിഗംശം അളക്കാനാണ് ഇത് ഉപയോഗിക്കുക. ആകാശഗോളത്തിന്റെ ഉത്തരധ്രുവത്തില്‍ നിന്ന് ഉച്ചിയിലേക്കു വരക്കുന്ന രേഖ ചക്രവാളത്തെ മുറിച്ചു കടക്കുന്ന ബിന്ദുവില്‍ നിന്ന് പടിഞ്ഞാറോട്ടോ കിഴക്കോട്ടോ എത്ര ഡിഗ്രി മാറിയാണ് ജ്യോതിര്‍ഗോളം
സ്ഥിതിചെയ്യുന്നതെന്നതിനെയാണ് ദിഗംശം എന്നു പറയുന്നത്. സൂര്യന്റെ അസിമത്
കണക്കാക്കിയാല്‍ ഉദയാസ്തമനങ്ങള്‍ കണക്കാക്കാനാവും.

ദിഗംശയന്ത്ര

4. ജയ്പ്രകാശ് യന്ത്ര (JaiPrakash Yanthra).

അടുത്തടുത്തു നിര്‍മ്മിച്ചിട്ടുള്ള അര്‍ധഗോളാകാരമായ രണ്ടു വലിയ ബൌളുകള്‍ ആണ് ഇവ. ഓരോന്നിലും പാതിവീതം ആകാശഭാഗത്തിന്റെ അക്ഷാംശരേഖാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. നിരീക്ഷകന് ഇവയില്‍ ഇറങ്ങിനിന്നുകൊണ്ട് മുകളിലെ
സൂചകത്തെ അടിസ്ഥാനമാക്കി ആകാശം നിരീക്ഷിക്കുകയും ജ്യോതിര്‍ഗോളങ്ങളുടെ
അക്ഷാംശരേഖാംശങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്യാം. രാജാവിന്റെ തന്നെ പേരിലുള്ള ഈ നിര്‍മ്മിതിയാണ് ജന്തര്‍മന്തറിലെ ഏറ്റവും സങ്കീര്‍ണ്ണമായ യന്ത്രം. ബൌളിന്റെ വ്യാസങ്ങളിലൂടെ പരസ്പരം ലംബമായി ഖണ്ഡിക്കുന്നവിധം രണ്ടു ചരടുകളുണ്ട്. അവ ഖണ്ഡിക്കുന്ന സ്ഥാനത്തുള്ള ഒരു ചെറിയ ലോഹതകിടാണ് സൂചകം. പകല്‍ സമയത്ത് ഇതിന്റെ നിഴല്‍ താഴെ ഏതു രാശിയിലാണ് പതിയുന്നതെന്നു നോക്കിമാസം നിര്‍ണ്ണയിക്കാം. സൂര്യന്റെ നിഴലാണ് താഴെ പതിയുന്നത്. രാത്രി കാലങ്ങളില്‍ ചന്ദന്റെ നിഴല്‍ പതിക്കുന്ന സ്ഥാനം നോക്കി ചാന്ദ്രമാസവും നിര്‍ണ്ണയിക്കാം.

ജയപ്രകാശ് യന്ത്ര

5.കപാലി യന്ത്ര ( Kapali Yantra).
മൂന്നു തരം നിര്‍ദ്ദേശാങ്ക സമ്പ്രദായങ്ങളിലാണ്( Coordinate systems) ജ്യോതിര്‍ഗോളങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുക. നിരീക്ഷകന്റെ ചക്രവാളവും ഉച്ചിയും ചേരുന്ന പ്രാദേശിക സമ്പ്രദായം, പിന്നെ ഖഗോളമധ്യരേഖയെ അടിസ്ഥാനമാക്കിയും ക്രാന്തിവൃത്തത്തെ(Ecliptic) അടിസ്ഥാനമാക്കിയും ഉള്ള സമ്പ്രദായങ്ങളും. ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശഗോളത്തിലൂടെ വരക്കുന്ന രേഖയാണ് ഖഗോള മധ്യരേഖ (Celestial Equator). ഭൂമി സൂര്യനെ ചുറ്റുന്ന പാതയാണ് ക്രാന്തിവൃത്തം. മറ്റു ഗ്രഹങ്ങളും ഏതാണ്ട് ഈ പാതയിലൂടെതന്നെയാണ് സൂര്യനെ പ്രദക്ഷിണം  ചെയ്യുന്നത്. സൂര്യമധ്യരേഖാ തലമാണിതെന്നും പറയാം. ഭൂമിയെ അടിസ്ഥാനമാക്കിയാല്‍ ഖഗോളമധ്യരേഖയും ക്രാന്തിവൃത്തവും തമ്മില്‍ 23.5 ഡിഗ്രി ചരിവുണ്ട്. ഭൂമിയുടെ അച്ചുതണ്ട് സൂര്യമധ്യരേഖാതലവുമായി ഇത്രയും ചരിഞ്ഞാണ് സ്ഥിതിചെയ്യുന്നത്. ഈ മൂന്ന് സമ്പ്രദായങ്ങളനുസരിച്ചും നിരീക്ഷണം നടത്താനുള്ള സൌകര്യം ജന്തര്‍മന്തറിലുണ്ട്. കപാലയന്ത്രത്തിലൂടെ ഖമധ്യരേഖയെയും ക്രാന്തിവൃത്തത്തെയും അടിസ്ഥാനമാക്കി സ്ഥാനനിര്‍ണ്ണയം നടത്തുന്നതിനും രണ്ടു സമ്പദായങ്ങളിലെയും അളവുകളെ പരസ്പരം മാറ്റുന്നതിനും സൌകര്യമുണ്ട്. ഇതിലും ജയ്പ്രകാശ് യന്ത്രത്തിലേതുപോലെ ഒരു സൂചകത്തിന്റെ
നിഴല്‍ നോക്കിയാണ് അളവുകള്‍ കണക്കാക്കുന്നത്. ചിത്രം സൂം ചെയ്താല്‍ സൂചകവും
അതിന്റെ നിഴലും കാണാവുന്നതാണ്.

കാപാലിയന്ത്ര

6.ക്രാന്തിവൃത്തയന്ത്ര ( Kranti Vritta Yantra).
ജ്യോതിര്‍ ഗോളങ്ങളുടെ അക്ഷാംശരേഖാംശങ്ങള്‍ അളക്കാന്‍ ഉപയോഗപ്പെടുത്തുന്നു. ഖഗോള മധ്യരേഖയെയും അതിനോട് 23.5 ഡിഗ്രി ചരിവിലുള്ള ക്രാന്തിവൃത്തത്തെയും സൂചിപ്പിക്കുന്ന രണ്ടു ലോഹ വൃത്തങ്ങളാണ് ഇതിന്റെ
പ്രധാന ഭാഗങ്ങള്‍.

ക്രാന്തിവൃത്തയന്ത്ര

7. ലഘു സാമ്രാട്ട് യന്ത്ര (Laghu Samrat Yantra). ഇത് ചെറിയ സണ്‍ഡയലാണ്. ജയ്പൂരിന്റെ അക്ഷാംശമായ 27 ഡിഗ്രി ചരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സൂര്യഘടികാരം ജയ്പൂരിലെ പ്രാദേശിക സമയം നിര്‍ണ്ണയിക്കാനുപയോഗിക്കുന്നു. ഇതിനോട് 41 മിനിട്ട് മിനിട്ട് ചേര്‍ത്താല്‍
ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയം ലഭിക്കും. 20 സെക്കന്‍ഡ് വരെയുള്ള സമയം ഇതുപയോഗിച്ച് നിര്‍ണ്ണയിക്കാം. ഇതിനോടടുത്തുതന്നെ 27 ഡിഗ്രി ചരിവില്‍ നിര്‍മ്മിച്ചിട്ടുളള ഒരു പ്ലാറ്റ്ഫോമിലൂടെ
ധ്രുവനക്ഷത്രത്തെ വീക്ഷിക്കാനാവും. ഇതിന് ധ്രുവദര്‍ശക് പട്ടിക (Dhruva Darshak Pattika) എന്നാണ് പേര്.(ചിത്രം 7. a). ദിശനിര്‍ണ്ണയിക്കാനും ഇതുപയോഗിക്കാം.

ലഘുസാമ്രാട്ട് യന്ത്ര

ധ്രുവദര്‍ശക്ക് പട്ടിക

8.രാമയന്ത്ര (Rama Yantra).

വൃത്താകൃതിയില്‍ കുത്തനെയുള്ള ഈ നിര്‍മ്മിതി സൂര്യന്റെ അക്ഷാംശവും ദിഗംശവും (Azimuth) കണക്കാക്കാന്‍ ഉപയോഗപ്പെടുത്തുന്നു. നടുവില്‍ സ്ഥാപിച്ചിട്ടുളള ലോഹ ദണ്ഡിന്റെ നിഴല്‍ ഉള്ളിലെ അങ്കനം ചെയ്തിട്ടുള്ള ഡയലിലുടെ ചലിക്കുന്നതു നോക്കി അളവുകള്‍ കണക്കാക്കാം. ഇതും രണ്ടെണ്ണമുണ്ട്. ജയ്പ്രകാശ് യന്ത്രത്തിലേതുപോലെ ഓരോന്നിലും പാതി ആകാശമാണ്
രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടും കോംപ്ലിമെന്‍ററിയായിട്ടാണ് ഉപയോഗിക്കുക. ദിഗംശയന്ത്രത്തിന്റെ മറ്റൊരു രൂപമാണിതും. അവിടെ രണ്ടും ഒന്നിനുപുറത്ത് ഒന്നായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളതെങ്കില്‍ ഇവിടെ രണ്ടായി നിര്‍മ്മിച്ചു. വലുപ്പവും കൂട്ടി.

രാമയന്ത്ര

9.രാശിവലയ യന്ത്ര (Rashi Valaya Yantra).
ഇവ 12 എണ്ണമുണ്ട്. രാശിചക്രത്തിലെ ഓരോരാശിക്കും ഒന്നുവീതം. രാശികളുടെയും ഗ്രഹങ്ങളുടെയും ക്രാന്തിവൃത്ത നിര്‍ദ്ദേശാങ്കങ്ങള്‍ (Ecliptic Coordinates) കണ്ടെത്തുകയാണ്
ഇവയുടെ ലക്ഷ്യം.(ചിത്രം 9& 9 a)

രാശിവലയയന്ത്ര

10.നാഡിവലയ യന്ത്ര (Nadi Valaya Yantra).

ഇതിന്റെ രണ്ടുഭാഗത്തും സൂര്യഘടികാരങ്ങളാണ്. ഒന്ന് വടക്കേഅര്‍ധഗോളത്തിലേക്കും മറ്റൊന്ന് തെക്കേ അര്‍ധഗോളത്തിലേക്കും തിരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരുമിനിട്ടിന്റെ കൃത്യതയോടെ ഇതുപയോഗിച്ച് സമയം നിര്‍ണ്ണയിക്കാനാവും. ആറുമാസം ഒരു വശത്തുള്ളതും അടുത്ത ആറുമാസം മറുഭാഗത്തുളളതും ഉപയോഗിച്ച് സമയം നിര്‍ണ്ണയിക്കുന്നു. ആറുമാസം
ഒരു വശത്ത് സൂര്യപ്രകാശം പതിക്കുകയേയില്ല.സമരാത്രദിനങ്ങളി‍ല്‍ ഇവയില്‍ രണ്ടിലും
സൂര്യപ്രകാശം പതിക്കില്ല. ചുറ്റുമുള്ള ഡയലിലൂടെ മധ്യത്തിലെ സൂചിയുടെ നിഴലിന്റെ ചലനം നോക്കി സമയം അറിയാന്‍ കഴിയും. പ്രാദേശികസമയമാണ് ഇതിലൂടെ ലഭിക്കുക.

നാഡീവലയയന്ത്ര

11.ഉന്നതംശ യന്ത്ര (Unnatamsa Yantra). നടുവില്‍ ദ്വാരമിട്ടിട്ടുള്ളതും നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ളതുമായ ഒരു ലോഹ വളയമാണിത്. ആകാശഗോളങ്ങളുടെ അക്ഷാംശം അളക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു.

ഉന്നതംശയന്ത്ര

12.ബൃഹത് സാമ്രാട്ട് യന്ത്ര (Brihat Samrat Yantra)
‘ബൃഹത്’ എന്ന് പാഠഭേദം, ലോകത്തിലെ ഏറ്റവും വലിയ നോമന്‍ സൂര്യഘടികാരമാണത്രെ (Gnomon Sundial) ഇത്. രണ്ടു സെക്കന്‍ഡുവരെയുള്ള സമയാന്തരാളം ഇതുപയോഗിച്ച്
അളക്കാനാവും. നിഴലിന്റെ ശീഘ്രഗതിയിലുള്ള ചലനം നമുക്ക് നോക്കി മനസ്സിലാക്കാം.

ബൃഹത്ത് സാമ്രാട്ട് യന്ത്ര

13.യന്ത്രരാജ് യന്ത്ര (Yantra RajYantra).

ആസ്ട്രോലാബ്
(Astrolab) എന്നുവിളിക്കപ്പെടുന്ന ലോകത്തെമ്പാടും വളരെ പ്രചാരവും പഴക്കവുമുള്ള ഒരുപകരണമാണിത്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ഹിപ്പാര്‍ക്കസിന്റെ കാലം മുതല്‍ ഇത് നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടര മീറ്ററോളം വ്യാസമുള്ള യന്ത്രരാജ് ഓടുകൊണ്ടാണ്
നിര്‍മ്മിച്ചിട്ടുള്ളത്. ജ്യോതിര്‍ ഗോളങ്ങളുടെ സ്ഥാന നിര്‍ണ്ണയത്തിനാണ് ഇത് ഉപയോഗിക്കുന്നത്. ചിത്രം 13 a സൂം ചെയ്താല്‍ അതിലെ അങ്കനങ്ങള്‍ വ്യക്തമാവും. നടുവിലെ ദ്വാരത്തിലൂടെയാണ്
നീരീക്ഷിക്കുക. വലതുവശത്തുള്ളത് നിരീക്ഷണത്തിനും ഇടതുവശത്തുള്ളത് കണക്കു കൂട്ടുന്നതിനും ഉപയോഗപ്പെടുത്തുന്നു.

യന്ത്രരാജ് യന്ത്ര

ചുരുങ്ങിയത് ഒരു ദിവസം മുഴുവനും ചിലവഴിച്ചാലേ ജന്തര്‍മന്തറിനെ ഒരുവിധം മനസ്സിലാക്കാനാവൂ. പ്രാദേശീക ഗൈഡുകളെ മുഴുവനായി ആശ്രയിക്കാനുമാവില്ല. ഹവാമെഹല്‍, സിറ്റിപാലസ്, ജല്‍മഹല്‍, അമീര്‍ പാലസ് അങ്ങനെ വേറെയും ഒരുപാട് കാര്യങ്ങളുണ്ട്

ജയപൂരില്‍ കാണാനായിട്ട്. ഇനിയും ഒരിക്കല്‍ കൂടി ജയ്പൂര്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ശക്തി പ്രാപിച്ചു എന്നതാണ് ഈ സന്ദര്‍ശനത്തിന്‍റെ പ്രധാന ഫലം.
കെ.പി.ഏലിയാസ്,
കണ്ടനാലില്‍, പോസ്റ്റ് കൊളഗപ്പാറ,വയനാട്,673591.
9400622335

3 Comments so far

JayakrishnanPosted on12:25 pm - Jan 9, 2019

When we see the photos of jantar mantar in tv, we never thought that it encapsulates this much enormous volume of techniques and wisdom developed centuries back. Thank you sir a lot for this eye opener. We got inspired to visit the site.

    Chindankutty (Web admin)Posted on1:21 pm - Feb 11, 2019

    Thank you for your intrest in the subject. If you are more intrested in history part of the Astronomy there is seperate page for it. Please visit.

അലി ഹസ്സൻ പന്നിക്കോട്Posted on2:06 pm - May 24, 2019

ഞാൻ ഡൽഹി ജന്തർമന്തറിൽ പോയിരുന്നു.
അവിടെ നൽകിയിട്ടുള്ള വിവരങ്ങൾ വെച്ച് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഇത് നന്നായി മനസിലാക്കിയതിന് ശേഷം വേണം ഇവിടേക്ക് പോവാൻ
ഇതിലെ വിവരങ്ങൾ വളരെ ഉപകാരപ്രദം

Leave a Reply