POST DETAILS

ബഹിരാകാശപര്യവേഷണം ഭാഗം-5

പി.എം.സിദ്ധാര്‍ത്ഥന്‍:

ബഹിരാകാശയാത്രയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാന്‍ അന്തരീക്ഷത്തിലെ യാത്രയില്‍ നിന്ന് തന്നെ തുടങ്ങണം. വായുഗതികം (Aerodynamics) അതിന്റെ സുപ്രധാനമായ ഭാഗമാണ്. അതുകൊണ്ട് തന്നെയായിരിക്കാം സ്യോള്‍ക്കോവ്സ്ക്കിയുടെ ശ്രദ്ധ ആദ്യം തിരിഞ്ഞത് ആ വിഷയത്തിലേക്കാണ്. ഈ രംഗത്ത് അദ്ദേഹത്തിന്റെ മുഖ്യ സംഭാവന വായു ടണല്‍ (Wind Tunnel) പരീക്ഷണങ്ങളാണ്.
തന്റെ പരിമിതമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് ചെലവ് കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് അദ്ദേഹം ഒരു വായു ടണല്‍ നിര്‍മിച്ച് പരീക്ഷണങ്ങള്‍ തുടങ്ങി. ആ ചെറിയ വായു ടണലിനെ അദ്ദേഹം വിളിച്ചത് “വായു പ്രവാഹി (Air blower)” എന്നാണ്. ഈ ചെറിയ വായു ടണല്‍ ഉപയോഗിച്ച് അദ്ദേഹം പല തരത്തിലുള്ള പ്രതലങ്ങള്‍ വായു പ്രവാഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിച്ചു. പക്ഷെ പ്രയോഗിക ഉപയോഗങ്ങള്‍ക്ക് വേണ്ട പ്രതലങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ ആ ചെറിയ വായു ടണല്‍ പോരായിരുന്നു.

1899 ല്‍ അദ്ദേഹം റഷ്യന്‍ ശാസ്ത്ര അക്കാദമിക്ക് സാമ്പത്തിക സഹായത്തിനായി അപേക്ഷ നല്‍കി. അപേക്ഷയോടൊപ്പം താന്‍ ഉണ്ടാക്കിയ ഉപകരണങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. സ്യോള്‍ക്കോവ്സ്കിയുടെ പരീക്ഷണങ്ങളെക്കുറിച്ച് അന്വേഷിച്ച് അപേക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ അക്കാദമി ചുമതലപ്പെടുത്തിയ വിദഗ്ദ്ധന്‍ സ്യോള്‍ക്കോവ്സ്കിയുടെ ഉപകരണത്തെയും അതുപയോഗിച്ച് നടത്തിയ പരീക്ഷങ്ങണളുടെ ഫലവും കണ്ട് അത്ഭുതപ്പെട്ടു. അയാള്‍ നല്ല റിപ്പോര്‍ട്ട് നല്‍കി. ശാസ്ത്രഅക്കാദമി 470റൂബിള്‍ പാസാക്കുകയും ചെയ്തു. ഈ ധന സഹായം ഉപയോഗിച്ച് സ്യോള്‍ക്കോവ്സ്ക്കി ഒന്നാന്തരമൊരു വായു ടണല്‍ നിര്‍മിച്ചു. 1900-1901 കാലത്ത് അദ്ദേഹം പല തരത്തിലുള്ള പ്രതലങ്ങള്‍ ആ വായു ടണലില്‍ പരിശോധിച്ചു. 1901 ല്‍ ” വായുപ്രതിബന്ധത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ട് ” എഴുതി അക്കാദമിക്ക് സമര്‍പ്പിച്ചു.

ബഹിരാകാശം ശൂന്യമായതിനാല്‍ തന്റെ പരീക്ഷണങ്ങള്‍ റോക്കറ്റിന്റെ പറക്കലിലെ ആദ്യഘട്ടത്തില്‍ മാത്രമെ ഉപയോഗമുണ്ടാവൂ എന്നറിഞ്ഞു കൊണ്ട് തന്നെയാണദ്ദേഹം വായു ടണല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ശൂന്യാകാശത്ത് സഞ്ചരിക്കാന്‍ ഇപ്പോള്‍ നാം ‘ജറ്റ് യന്ത്രം’ എന്ന് പറയുന്ന രീതി അനിവാര്യമാണെന്ന് സ്യോള്‍ക്കോവ്സ്ക്കി മനസ്സിലാക്കിയിരുന്നു. അത് എങ്ങനെ ഉപയോഗിക്കാമെന്നായി അദ്ദേഹത്തിന്റെ ചിന്ത. അക്കാലത്ത് ജറ്റ് വിമാനം കണ്ടുപിടിച്ചിരുന്നില്ല. ജറ്റ് വിമാനം കണ്ടുപിടിക്കുന്നത് 1939 ല്‍ മാത്രമാണ്. പക്ഷെ ആ അര്‍ത്ഥത്തിലല്ല സ്യോള്‍ക്കോവ്സ്ക്കി ജറ്റ് യന്ത്രത്തെ കണ്ടത്. ഇന്ധനവും ഓക്സീകാരിയും ഒന്നിച്ച് വഹിച്ച് കൊണ്ടുപോകുന്ന ഒരു ജറ്റ് യന്ത്രമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. ആ ദിശയിലെ പഠനം “റിയാക്ടീവ് വാഹനങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചപര്യവേഷണം” എന്ന ലേഖനത്തിലൂടെ പ്രസിദ്ധീകരിച്ചു.

ജറ്റ് വിമാനം

 ഈ പഠനമാണ് “സുപ്രസിദ്ധമായ സ്യോള്‍ക്കോവ്സ്ക്കി റോക്കറ്റ് സമവാക്യം ” രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. ഈ സമവാക്യം (Tseolkovski rocket equation) ബഹിരാകാശ സഞ്ചാരത്തിന്റെ അടിസ്ഥാന ശിലയാണ്. ഇതിന് അനുസൃതമായിട്ടാണ് കൂറ്റന്‍ റോക്കറ്റ് മുതല്‍ മിനി ഉപഗ്രഹങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നത്. ആ സമവാക്യം റോക്കറ്റ് ഗവേഷണത്തില്‍ ഒരു വഴിത്തിരിവ് തന്നെ സൃഷ്ടിച്ചു.

സ്യോള്‍ക്കോവ്സ്ക്കിയുടെ അടുത്ത ശ്രമം റോക്കറ്റിന്റെ ഡിസൈന്‍ ആയിരുന്നു. തികച്ചും പുതുതായ ഒരു സാങ്കേതികവിദ്യയായിരുന്നു അത്. റോക്കറ്റ് നിര്‍മാണത്തില്‍ മുന്‍ ചരിത്രമൊന്നുമില്ല. 1780 കളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധത്തില്‍ മൈസൂരുവിലെ ടിപ്പു സുല്‍ത്താന്‍ അഗ്നി റോക്കറ്റുകള്‍ (Pyro rocketes) ഉപയോഗിച്ചതായിരുന്നു ഏക ചരിത്ര രേഖ.

ടിപ്പു

 സുല്‍ത്താനും റോക്കറ്റും

എന്നാല്‍ ഈ വിവരം റഷ്യന്‍ ഭാഷ മാത്രം ഉപയോഗിക്കുന്ന കലുഗ സംസ്ഥാനത്ത് ജീവിച്ചിരുന്ന സ്യോള്‍ക്കോവ്സ്ക്കി അറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ലായിരുന്നു.

റഷ്യന്‍ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും മുഖ്യ പ്രതിബന്ധം ഭാഷയായിരുന്നു. അക്കാലത്ത് മുഖ്യ ശാസ്ത്ര പ്രസിദ്ധീകരണങ്ങളെല്ലാം ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ആയിരുന്നു. ജര്‍മന്‍ ഭാഷയിലും ചില പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു. ആ ഭാഷകളില്‍ എഴുതി പ്രസിദ്ധീകരിച്ചവര്‍ക്കേ വേണ്ട അംഗീകാരം ലഭിച്ചിരുന്നുള്ളു. സ്യോള്‍ക്കോവ്സ്ക്കി നേരിട്ട പ്രശ്നവും അത് തന്നെ. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും ലേഖനങ്ങളുമെല്ലാം റഷ്യനിലായിരുന്നു. റഷ്യന്‍ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങള്‍ മറ്റ് ഭാഷയിലേക്ക് തര്‍ജുമ ചെയ്തു പ്രസിദ്ധീകരിക്കാന്‍ ശാസ്ത്ര അക്കാദമി അധികൃതര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല എന്നതും ഒരു വസ്തുതയാണ്. റഷ്യന്‍ ശാസ്ത്ര അക്കാദമി അധികൃതരില്‍ ചിലര്‍ക്ക് ശാസ്ത്രത്തില്‍ തന്നെ താല്പര്യം ഉണ്ടായിരുന്നുവോ എന്ന് പോലും തോന്നിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ സ്യോള്‍ക്കോവ്സ്ക്കി അയച്ചു കൊടുത്ത ഒരു പ്രധാന പ്രബന്ധം അക്കാദമി ചെയര്‍മാന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു പോയത്രെ. ഈ സംഭവം സ്യോള്‍ക്കോവിസ്ക്കിയെ ഒരു പാഠം പഠിപ്പിച്ചു. അതില്‍ പിന്നീട് അദ്ദേഹം. എന്ത് പേപ്പര്‍ തയ്യാറാക്കുമ്പോഴും കാര്‍ബണ്‍ പേപ്പര്‍ വച്ച് എഴുതി രണ്ടോ മൂന്നോ കോപ്പികള്‍ സൂക്ഷിച്ച് വക്കുക പതിവാക്കി.

 

                                                                                                                 (തുടരും)    

Leave a Reply