POST DETAILS

ജ്യോതിശ്ശാസ്ത്രചരിത്രം ഭാഗം – 6 -ഗ്രീക്ക് ജ്യോതിശ്ശാസ്ത്രം (തുടര്‍ച്ച)

ചിണ്ടന്‍കുട്ടി:

അരിസ്റ്റോട്ടില്‍ (ബി.സി.384-322)

            ഗ്രീക്ക് തത്വജ്ഞാനികളില്‍ പ്രമുഖനാണ് അരിസ്റ്റോട്ടില്‍. പ്ലാറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ മാസിഡോണിയയിലെ രാജാവായ മൈന്താസ് രണ്ടാമന്റെ ആസ്ഥാന പുരോഹിതന്‍ നിക്കോമാക്കസിന്റെ പുത്രനായി ജനിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അദ്ധ്യാപകനായി സേവനമനുഷ്ടിച്ച അരിസ്റ്റോട്ടില്‍ ഏതന്‍സില്‍ സ്വന്തമായി ലൈസിയം എന്ന വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ഭൗതികശാസ്ത്രം, ഭ്രൂണശാസ്ത്രം, ഖനിജശാസ്ത്രം, പ്രപഞ്ചവിജ്ഞാനീയം തുടങ്ങിയ എല്ലാ മേഖലകളിലും അരിസ്റ്റോട്ടിലിന്റെ ഗഹനമായ ചിന്ത ചെന്നെത്തി. അദ്ദേഹം അവതരിപ്പിച്ച പ്രപഞ്ചചിത്രം ഏതാണ്ട് ഇങ്ങനെയാണ്. പ്രപഞ്ചകേന്ദ്രം ഭൂമി, ഭൂമിയെ കേന്ദ്രമാക്കി ചുറ്റിത്തിരിയുന്ന ഏഴ് സ്പടികഗോളങ്ങളും നക്ഷത്രമണ്ഡലമെന്ന എട്ടാമത്തെ ഗോളവും. മ്യൂസുകള്‍ എന്ന ദേവതകളാണ് ഈ ഗോളങ്ങളെ കറക്കുന്നത്. വൃത്താകാരത്തില്‍ പൂര്‍ണവും സുന്ദരവും മാറ്റമില്ലാത്തതുമായ ഒരു പ്രപഞ്ചത്തില്‍ ഈ ഗോളങ്ങള്‍ കറങ്ങുന്നു. ആകാശം ദൈവങ്ങളുടെ ലോകമാണെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ വാദം. ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രനില്‍ പതിക്കുന്ന ചന്ദ്രന്റെ നിഴല്‍ എപ്പോഴും വൃത്താകാരത്തില്‍ കാണപ്പെടുന്നതുകൊണ്ട് ഭൂമിയുടെ ആകാരം ഗോളമാണെന്ന് അരിസ്റ്റോട്ടില്‍ സമര്‍ത്ഥിച്ചു.

അരിസ്റ്റോട്ടില്‍

ഭൂമി, വായു, ജലം, അഗ്നി എന്നീ മൂലകങ്ങള്‍ക്ക് പുറമെ ഈതര്‍ എന്നൊരു കാണാദ്രവ്യം കൂടി പ്രപഞ്ചത്തില്‍ സര്‍വ്വവ്യാപിയായി ഉണ്ടെന്ന് അരിസ്റ്റോട്ടില്‍ വാദിച്ചു. പ്രപഞ്ചത്തില്‍ ഓരോ വസ്തുവിനും അതിന്റെതായ ഇടമുണ്ടെന്നും അവയുടെ സ്വന്തം ഇടത്തേക്ക് ചേരാനുള്ള വ്യഗ്രത കൊണ്ടാണ്  വസ്തുക്കള്‍ ഭൂമിയിലേക്ക് വീഴുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. വ്യത്യസ്ത വസ്തുക്കള്‍ വ്യത്യസ്ത നിയമം അനുസരിക്കുന്നുവെന്നും ചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ച തുടങ്ങിയ ഗുണങ്ങള്‍ വസ്തുക്കളുടെ അടിസ്ഥാനഗുണങ്ങളാണെെന്നും സമര്‍ത്ഥിച്ചു. അന്നത്തെ ഗ്രീക്ക് ചിന്തകരുടെ അഭിപ്രായപ്രകാരം‍,‍ പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ ഘടകം കണം (ആറ്റം) ആണെന്ന കാര്യം അദ്ദേഹം തള്ളിക്കളഞ്ഞു. അരിസ്റ്റോട്ടിലിന്റെ ആശയങ്ങള്‍ 1500 വര്‍ഷങ്ങളോളം യൂറോപ്പില്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. ഇത് യുക്തിഭദ്രമായ ചിന്തയുടേയും ശാസ്ത്രബോധത്തിന്റെ വളര്‍ച്ചയെയും തടഞ്ഞു. ഒരു പക്ഷെ മതങ്ങളുടെ അമിതസ്വാധീനം ഇരുളടഞ്ഞ മദ്ധ്യകാല യൂറോപ്പ് ഉണ്ടാകുന്നതിലേക്ക് ഇത് നയിച്ചിരിക്കാം.

 

ടോളമിയുടെ പ്രപഞ്ചം

            ടോളമി എന്ന ക്ലോഡിയസ് ടോളമി , അലക്സാന്‍ഡ്രിയയിലെ പുരാതന ഗ്രന്ഥാലയവുമായി ബന്ധപ്പെട്ടാണ് ജീവിച്ചിരുന്നത്. ജ്യോതിശ്ശാസ്ത്രം, ഗണിതശാസ്ത്രം, ഗണിതം, ഭൗതികം തുടങ്ങിയ മേഖലകളില്‍ ടോളമിയുടെ സംഭാവന നിരവധിയാണ്. ഗ്രീസില്‍ അന്ന് വരെയുണ്ടായിരുന്ന പ്രശസ്തരായ ചിന്തകരുടെ ആശയങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ “മെഗലെ മാത്തമാറ്റിക്കല്‍ സിന്റാക്സിസ് ” എന്ന ബൃഹത്തായ ഒരു പുസ്തകം ടോളമിയുടേതായി ഉണ്ട്. ഈ പുസ്തകം പില്‍ക്കാലത്ത് ഗ്രീക്ക് സംസ്കാരത്തിന്റെ അപചയത്തിന് ശേഷം അറബ് പണ്ഡിതന്മാര്‍  കണ്ടെടുത്ത് അറബിയിലേക്കും പിന്നെ ലാറ്റിന്‍ ഭാഷയിലേക്കും തര്‍ജുമ ചെയ്തു ” അല്‍മജസ്റ്റി (മഹത്തരം)” എന്ന പേരില്‍ പ്രചരിപ്പിച്ചു. ഇത് യൂറോപ്പില്‍ വലിയ സ്വാധീനം നേടി. അരിസ്റ്റോട്ടിലിന്റെ ഭൂകേന്ദ്ര പ്രപഞ്ചസിദ്ധാന്തം, ഹിപ്പാര്‍ക്കസിന്റെ നക്ഷത്രപ്പട്ടിക, അരിസ്റ്റാര്‍ക്കസിന്റെ സൗരകേന്ദ്ര പ്രപഞ്ചസിദ്ധാന്തം ഗ്രഹങ്ങളുടെ വക്രഗതിയുടെ വിശദീകരണം ഇവയൊക്കെ ക്രോഡീകരിച്ച് 13 വാള്യങ്ങളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ടോളമി 

                                            

  മാത്തമാറ്റിക്കല്‍ സിന്‍റാക്സിസ്

ബുധന്‍ മുതല്‍ ശനി വരെയുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുകയും ജ്യോതിഷാവശ്യങ്ങള്‍ക്ക് ‍ അവയുടെ സ്ഥാനനിര്‍ണയം ബാബിലോണിയന്‍ കാലഘട്ടം മുതല്‍ ചെയ്തു പോന്നിരുന്നുവെങ്കിലും ഭൂമിക്ക് ചുറ്റും അവയുടെ സഞ്ചാരത്തെ വിശദീകരിക്കുക എന്നത്  അവര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഭൂമിയില്‍ നിന്നും ഗ്രഹങ്ങളെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ചില സമയങ്ങളില്‍ ഗ്രഹങ്ങള്‍ വിരുദ്ധദിശയില്‍ സഞ്ചരിക്കുന്നതായി അനുഭവപ്പെട്ടു. ഈ സഞ്ചാരത്തെ ‘ഗ്രഹങ്ങളുടെ വക്രഗതി’ (Retrograde Motion ) എന്ന് വിളിച്ചു. ഈ വക്രഗതിയെ യുക്തിസഹമായി വിശദീകരിക്കുക എന്നത് അക്കാലത്ത് പ്രയാസകരമായിരുന്നു.

 

ഗ്രഹങ്ങളുടെ വക്രഗതി (Retrograde motion)

വക്രഗതിയെ ടോളമി തന്റെ പുസ്തകത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു. ഓരോ ഗ്രഹവും അതിന്റെതായ അധിചക്രങ്ങള്‍ (Epicycle) സൃഷ്ടിച്ച് കൊണ്ട് ഭൂമിക്ക് ചുറ്റുമുള്ള ഡിഫറന്റ് എന്ന വൃത്ത പരിധിയിലൂടെ  കറങ്ങുകയാണ്. ഗ്രഹം അധിചക്രത്തിലൂടെ  അധിചക്രത്തിന്റെ കേന്ദ്രബിന്ദു  ചലിക്കുന്ന അതേ ദിശയില്‍ ഗ്രഹം ചലിക്കുന്നതായി കാണാം. ഇതിനെ ക്രമഗതി (Prograde motion) എന്ന് പറയും. ഇങ്ങനെ ഗ്രഹം ഒരു ചക്രം പൂര്‍ത്തിയാക്കമ്പോള്‍ നേരത്തെ പറഞ്ഞ അധിചക്രകേന്ദ്രത്തിന് വിരുദ്ധമായി ചലിക്കുന്നതായി കാണാം (Retrograde motion).

ഗ്രഹങ്ങളുടെ വക്രഗതി

ടോളമി ശരിയായ ദൂരത്തെയും വേഗതയെയും സംയോജിപ്പിച്ച് കൊണ്ട് കൃത്യമായ ഇടവേളകളില്‍ ഗ്രഹം കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്നതായി വരച്ചു കാണിച്ചു. ഗ്രഹങ്ങളുടെ നിരീക്ഷിത ചലനവുമായി പൊരുത്തപ്പെടുത്താന്‍ ഡിഫറന്റിന്റെ കേന്ദ്രം ഭൂമിക്ക് പുറത്തെവിടെയോ ആണെന്ന് സങ്കല്‍പിച്ചു. എല്ലാ ചലനങ്ങളെയും വൃത്താകാരത്തില്‍ കൊണ്ടുവരാന്‍ ‘Equant’ എന്ന സങ്കല്‍പം കൊണ്ടു വരികയും  ചെയ്തു. ഇതെല്ലാം ചേര്‍ന്ന് ടോളമിയുടെ ഈ പ്രയത്നം സങ്കീര്‍ണമായ ഒരു യത്നമായി കലാശിച്ചു. ഒരു ജ്യോല്‍സ്യന്‍ കൂടിയായ ടോളമിക്ക് ഗ്രഹങ്ങളുടെ സ്ഥാനനിര്‍ണയം നടത്താന്‍ നിരീക്ഷണം ആവശ്യമാണല്ലോ. ഈ മാതൃക ഏത് കാലത്തും ഗ്രഹങ്ങളുടെ സ്ഥാനനിര്‍ണയം നടത്താന്‍ ഉതകുന്ന ഒരു ഗണിതമാതൃകയായി മാത്രമെ അദ്ദേഹം കരുതിയിരുന്നുള്ളു. അല്‍പം മാറ്റങ്ങളോടെ ഈ മാതൃക അറബ് പണ്ഡിതന്മാരും യൂറോപ്പിലെ കൃസ്ത്യന്‍ സമൂഹവും 1400 വര്‍ഷങ്ങള്‍ ഉപയോഗിച്ചു. നിശ്ചലമായ ഭൂമി എന്ന സങ്കല്‍പം വച്ചുകൊണ്ട് അപ്പോഴും വക്രഗതിയെ യുക്തിസഹമായി വിശദീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കാസ്റ്റിലായിലെ രാജാവ് അല്‍ഫോന്‍സാ പത്താമനോട് വക്രഗതിയെ വിശദീകരിക്കാന്‍ ശ്രമിച്ച ടോളമിയോട് രാജാവ് ഇങ്ങനെ പ്രതികരിച്ചുവത്രെ. “ഇത്തരം ഒരു നിര്‍മിതിയില്‍ ദൈവം ഏര്‍പ്പെടുന്നതിന് മുമ്പെ എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ വളരെ ലളിതമായ ഒരു രീതി അങ്ങേര്‍ക്ക് പറഞ്ഞു കൊടുത്തേനെ “.

വക്രഗതി എന്ന പ്രതിഭാസത്തെ ഒരു ഉദാഹരണത്തലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാം. ഒരു കാറോട്ടമല്‍സരത്തില്‍ രണ്ട് കാറുകള്‍ പങ്കെടുക്കുന്നു എന്ന് കരുതുക. ചില സമയത്ത് നമ്മുടെ അടുത്ത ട്രാക്കില്‍ ഓടുന്ന കാര്‍ നമ്മെ മറി കടക്കുന്നു. അടുത്ത നിമിഷത്തില്‍ നാം അതിനെ മറി കടക്കുന്നു. അടുത്ത ട്രാക്കിലെ കാര്‍ നമ്മെ മറി കടക്കുമ്പോള്‍ അത് മുന്നോട്ട് പോകുന്നതായും നാം അതിനെ മറി കടക്കുമ്പോള്‍ അത് പിന്നോട്ട് പോകുന്നതായും തോന്നുമല്ലോ. അതേ പോലെ തന്നെയാണ് ഗ്രഹങ്ങള്‍ ആകാശത്ത് നടത്തുന്ന കാറോട്ടവും. ഭൂമി സൂര്യന് ചുറ്റും സഞ്ചരിക്കുന്ന അതേ ദിശയില്‍ ചൊവ്വയും സഞ്ചരിക്കുന്നു. ഭൂമിയുടെ വേഗത ചൊവ്വയേക്കാള്‍ കൂടുതല്‍ ആയതിനാല്‍ അത് നേരത്തെ പറഞ്ഞ കാറോട്ടത്തിലെന്ന പോലെ ഒരു ഘട്ടത്തില്‍ ഭൂമി ചൊവ്വയെ മറി കടക്കും. അതായത് ഭൂമിയും ചൊവ്വയും  ഒരേ ദിശയിലാണ് ചലിക്കുന്നത്. എങ്കിലും ചൊവ്വ പുറകോട്ട് പോകുന്നതായി നമുക്ക് തോന്നും. സൂര്യന്റെയും ഭൂമിയുടെയും  ഇടയില്‍ വ്യത്യസ്തവേഗതയില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍ നടത്തുന്ന ഈ വിരുദ്ധദിശാ ചലനങ്ങളെയാണ് ഗ്രഹങ്ങളുടെ വക്രഗതി (Retrograde motion) എന്ന് വിളിക്കുന്നത്.

ഗ്രഹങ്ങളുടെ കാറോട്ടം

 

ആകാശത്ത് ഗ്രഹങ്ങളുടെ കാറോട്ടം

            നമുക്ക് ടോളമിയിലേക്ക് മടങ്ങി വരാം. ഹിപ്പാര്‍ക്കസ് തുടങ്ങി വച്ച 850 നക്ഷത്രങ്ങള്‍ അടങ്ങിയ പട്ടിക ടോളമി വികസിപ്പിച്ചു. 1022 നക്ഷത്രങ്ങളെ 48 ഗണങ്ങളാക്കി തിരിച്ച് നവീകരിച്ചു. കൂടാതെ ശാസ്ത്രീയമായ ഒരു ഭൂപടനിര്‍മാണത്തിന് തുടക്കം കുറിച്ചു. ബാബിലോണിയന്‍ ജ്യോതിശാസ്ത്രത്തിന്റെ ഒരു സംഭാവനയാണല്ലോ മനുഷ്യന്റെ ഭാവി പ്രവചിക്കുന്ന ഫലഭാഗജ്യോതിഷം. ഫലഭാഗജ്യോതിഷത്തെക്കുറിച്ച്  ടോളമി അതിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ‘ടെട്രാബിബ്ലോസ്’ എന്ന ഒരു ജ്യോതിഷഗ്രന്ഥം എഴുതുകയുണ്ടായി. ഈ ഗ്രന്ഥം പില്‍ക്കാലത്ത് അറബ് നാടുകളിലും യൂറോപ്പിലും ജ്യോതിഷപ്രചാരണത്തിന് സഹായകരമായി തീര്‍ന്നു. ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെ അപചയത്തോടെ ഹെല്ലനിക്ക് ജ്യോതിശ്ശാസ്ത്രത്തിന്റെ ചിന്താപരമായ മേധാവിത്വം അവസാനിച്ചു എന്ന് പറയാം.

                                                                                     (തുടരും)                                                                                                                 

 

Leave a Reply