POST DETAILS

ഉപകരണനിര്‍മാണം- 3 സൂര്യഘടികാരം ഉണ്ടാക്കാം ഭാഗം – 2

ചിണ്ടന്‍കുട്ടി:

സൂര്യഘടികാരനിര്‍മാണം വിശദീകരിക്കുന്ന ഒന്നാം ഭാഗത്തില്‍ നമ്മള്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ 50% പണി പൂര്‍ത്തിയാക്കി കഴിഞ്ഞു. ബാക്കി 50% പണിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പരിമാണാങ്കനം (Calibration) എന്നത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതായ ഒരു പ്രവര്‍ത്തനമാണത്. തയ്യാറാക്കിവച്ച സണ്‍ ഡയലിന്റെ പ്രതലത്തില്‍‍ നല്ല വെയിലുള്ള സമയത്ത് മിനുട്ട്, മണിക്കറുകള്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തിയാണത്.

പെന്‍സിലും റൂളറും ഉപയോഗിച്ച്  നോ-മോണിന്റെ ചുറ്റും ചിത്രം 6 ല്‍ കാണിച്ചതു പോലെ നോ-മോണിന്റെ വശങ്ങളില്‍ നിന്നും 1¼” വിട്ടുകൊണ്ട് വരവരക്കുക. ഇനി അതേപോലെ ആദ്യം വരച്ച വരയ്ക്ക് പുറത്തായി ആദ്യവരയില്‍ നിന്നും 1½” വിട്ടുകൊണ്ട് മറ്റൊരു വരകൂടി ചിത്രം 7 ല്‍ കൊടുത്തതു പോലെ വരയ്ക്കണം. ഇപ്പോള്‍ ഡയലിന്റെ പ്രതലത്തില്‍ നോ-മോണിന്റെ ചുറ്റും ഏതാണ്ട് ഇംഗ്ലീഷ് അക്ഷരം ‘U’ വിന്റെ ആകൃതിയില്‍ രണ്ട് നാടകള്‍ കാണാം. ഇനി മണിക്കൂറിനെ സൂചിപ്പിക്കുന്ന വരകള്‍ 1½” വീതിയുള്ള നാടയിലും മണിക്കൂറിന്റെ എണ്ണം നാടയ്ക്ക് പുറത്തെ ഒഴിഞ്ഞ സ്ഥലത്തുമാണ് എഴുതേണ്ടത് (ചിത്രം-8).

                                  ചിത്രം-6                                                       ചിത്രം-7

ഇനി നമുക്ക്  മണിക്കൂര്‍ ,മിനുട്ട് സൂചകരേഖകള്‍ രേഖപ്പെടുത്തേണ്ടതുണ്ടു. അതിന് മുമ്പെ സണ്‍ ഡയല്‍ സ്ഥാപിക്കുവാനുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടുണ്ട്. സണ്‍-ഡയല്‍ ആവശ്യത്തിന്നനുസരിച്ച് വീട്ടിലോ സ്കൂളിലോ സ്ഥാപനത്തിലോ സ്ഥാപിക്കാവുന്നതാണ്. നല്ല വെയിലടിക്കുന്ന നിഴലും തടസ്സവുമില്ലാത്ത സ്ഥലമാണ് ഇതിന്നായി തെരഞ്ഞെടുക്കേണ്ടത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെയെങ്കിലും വെയില്‍ കിട്ടണം. തെരഞ്ഞെടുക്കുന്ന സ്ഥലം നിരപ്പായതായിരിക്കണം. ഒരു സ്പിരിട്ട് ലെവല്‍ ഉപയോഗിച്ച് പരിശോധിച്ച് നിരപ്പ് ഉറപ്പ് വരുത്തിയിരിക്കണം.

ചിത്രം-8                                                ചിത്രം-9

സൂര്യന് രണ്ട് അയനചലനങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. ഈ അയനചലനങ്ങള്‍ കാരണം സാധാരണനിഴല്‍ ഘടികാരങ്ങള്‍ സമയകൃത്യത കാണിക്കുകയില്ല. സണ്‍-ഡയല്‍ സ്ഥാപിക്കാന്‍ അതുകൊണ്ട് ഭൂമിയുടെ യഥാര്‍ത്ഥ വടക്ക് ഭാഗം കണ്ട് പിടിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ വടക്കു (True North) ഭാഗവും കാന്തിക (Magnetic North)വടക്കു ഭാഗവും തമ്മില്‍ ചെറിയ വ്യത്യാസമുണ്ടാവും. ഈ വ്യത്യാസത്തിന് Magnetic Declination എന്ന് പറയും. വളരെ കുറഞ്ഞ Magnetic Declination മാത്രമെ ഉള്ളുവെങ്കില്‍ അത് അവഗണിക്കാവുന്നതേ ഉള്ളു. അതുകൊണ്ട് സണ്‍-ഡയല്‍ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ True North ഒരു കോമ്പാസ് (Magnetic Compass) ഉപയോഗിച്ച് കണ്ടുപിടിക്കണം. ഇനി നമ്മുടെ സണ്‍-ഡയലിന്റെ ബേസ് പ്ലേറ്റില്‍ പാര്‍ശ്വഭാഗത്ത് ‘N’ അടയാളം ഇട്ടതായി ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഈ അടയാളവും കോമ്പാസിന്റെ വടക്ക് സൂചിപ്പിക്കുന്ന അടയാളവും ഒരേ രേഖയില്‍ വരുന്ന വിധത്തിലായിരിക്കണം സണ്‍-ഡയലിനെ സ്ഥാപിക്കുന്നത്.

സണ്‍-ഡയലിനെ രണ്ട് വിധത്തില്‍ ഉറപ്പിക്കാം. ഒന്ന്, താല്‍ക്കാലിക സ്ഥാനത്ത് ആവശ്യം കഴിഞ്ഞാല്‍ ഇളക്കിയെടുത്ത് സൂക്ഷിച്ചു വെക്കാന്‍ പാകത്തില്‍. രണ്ട്, സ്ഥിരമായി ഒരു സ്റ്റാന്‍റിന്റെ മുകളില്‍. താല്‍ക്കാലികമായി ഉപയോഗിക്കാനാണെങ്കില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് സണ്‍-ഡയല്‍ ബേസിനേക്കാള്‍ അല്‍പം വലുപ്പത്തില്‍ നിലത്ത് അല്‍പം ഉയരത്തില്‍ നിരപ്പായ ഒരു പ്ലാറ്റ്ഫോം തയ്യാറാക്കി അതില്‍ ബേസിന്റെ നാല് മൂലകളും അടയാളപ്പെടുത്തിയാല്‍ (ചിത്രം 9കാണുക ) ഓരോ പ്രാവശ്യവും എടുത്തു മാറ്റി വീണ്ടും സ്ഥാപിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തെറ്റുകള്‍ ഒഴിവാക്കാന്‍ കഴിയും.

സ്ഥിരമായാണ് ഉറപ്പിക്കുന്നതെങ്കില്‍ ചുരുങ്ങിയത് നാലടി ഉയരമുള്ള ഒരു പോസ്റ്റ് മണ്ണില്‍ ഒരടി ആഴത്തില്‍ ഇറക്കി കോണ്‍ക്രീറ്റ ചെയ്ത് ഉറപ്പിക്കുക. പോസ്റ്റിന്ന് മുകളില്‍ 18” വ്യാസത്തില്‍ ¾” കനമുള്ള പലക ചതുരത്തിലോ വൃത്താകാരത്തിലോ ഉള്ളത്  നരപ്പായി ഘടിപ്പിക്കണം (ചിത്രം 10 ). കാലാവസ്ഥയെ ചെറുക്കാന്‍ പോസ്റ്റും പലകയും ഒന്നോ രണ്ടോ പ്രാവശ്യം പെയിന്റടിച്ച് ഉണക്കിയാല്‍ കേട് കൂടാതെയിരിക്കും.

ചിത്രം-10

(തുടരും)

Leave a Reply