POST DETAILS

ബഹിരാകാശം – 6 സ്യോള്‍ക്കോവ്സ്കിയുടെ സ്വപ്നങ്ങള്‍

പി.എം.സിദ്ധാര്‍ത്ഥന്‍:

വര്‍ഷം 1901. വിമാനം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല.അമേരിക്കയില്‍ റൈറ്റ് സഹോദരന്മാരും യൂറോപ്പില്‍ വേറെ പലരും ആ ശ്രമത്തിലായിരുന്നു. കലുഗയിലെ തന്റെ മുറിയിലിരുന്നു സ്യോള്‍ക്കോവ്സ്ക്കി  നിരന്തരം ചിന്തയിലാണ്ടു. അപ്പോഴേക്കും അദ്ദേഹം തന്റെ റോക്കറ്റ് സമവാക്യത്തിന്റെ ക,ഖ,ഗ,ഘ കള്‍ തുടങ്ങി വെച്ചിരുന്നു. പുസ്തകങ്ങളും ചെറിയ യന്ത്രങ്ങളും, മേശമേല്‍ നിറയെ മാനുസ്ക്രിപ്റ്റുകളും അടുക്കി വെച്ചിരുന്നു. ബഹിരാകാശം കീഴടക്കുന്നതെങ്ങനെ ? മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യുന്നതെങ്ങനെ ?ആ കൊച്ചുമുറിയില്‍ ധ്യാനനിമഗ്നനായിരിക്കുന്ന സ്യോള്‍ക്കോവിസ്ക്കിയുടെ സ്വപ്നങ്ങള്‍ ചിറകുവിരിച്ചുയര്‍ന്നു.

ആദ്യത്തെ സ്വപ്നം

ഗ്രീസ് ഓയില്‍ തേച്ച് പിടിപ്പിച്ച് രണ്ട് റെയില്‍ പാളങ്ങളുടെ മേല്‍ നിശ്ചലമായിരിക്കുന്ന ഒരു വാഹനം. വശങ്ങളില്‍ രണ്ട് ചിറകുകള്‍ ഉണ്ട്. ഒരു ലോഹ ഫ്രെയ്മില്‍ തോല്‍ വലിച്ചു കെട്ടിയുണ്ടാക്കിയ ചിറകുകള്‍. വാഹനത്തിന്റെ മുന്‍ഭാഗവും അതിന്റെ മുകള്‍ഭാഗവും ഗ്ലാസ് കവറുകള്‍ ഉറപ്പിച്ചിരിക്കുന്നു. അതിനകത്ത് ഒരാള്‍ ഇരിപ്പുണ്ട്. അയാളുടെ പേര്‍ പയലറ്റ് എന്നാണ്.

താഴത്തെ അറ നിറയെ സ്ഫോടക വസ്തുക്കളാണ് ദ്രവരൂപത്തില്‍. ഒരു ചെറിയ പമ്പ് പ്രവര്‍ത്തിപ്പിച്ചാല്‍ അവ പിന്‍ഭാഗത്തെ അറയിലേക്കയക്കാം. പയലറ്റ് മെല്ലെ ഒരു ചരട് വലിച്ച്  പമ്പ്  പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നു. പിന്നെ ചില സ്വിച്ചുകള്‍ അമര്‍ത്തുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്ത് അഗ്നിഗോളങ്ങള്‍ ഉയരുന്നു. തീയും പുകയും പിന്നോട്ട് കുതിച്ചുപായുന്നു. വാഹനം മെല്ലെ റയിലിന്‍മേല്‍ കൂടി മുന്നോട്ട് തെന്നി നീങ്ങുന്നു. വേഗത കൂടിക്കൊണ്ടിരിക്കുന്നു.പക്ഷെ പയലറ്റ് അചഞ്ചലനാണ്. പിന്നില്‍ തീയും പുകയും കൂടി വരുന്നുണ്ടു്.

പയലറ്റ് ചിറകുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. വാഹനം മെല്ലെ ആകാശത്തില്‍ ഉയരുന്നു. കുറെ മീറ്റുകള്‍ ഉയര്‍ന്ന് പൊങ്ങിയപ്പോള്‍ പിന്നിലെ അഗ്നിനാളങ്ങളും പുകയും മെല്ലെ തീരാറായി. എങ്കിലും വാഹനം അന്തരീക്ഷത്തില്‍ തെന്നിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നുണ്ട്.വാഹനത്തിന്റെ ഉയരം കുറയുകയാണ്. പയലറ്റിന് അല്‍പം സംഭ്രമമുണ്ട്. താഴെ കുന്നു കുഴിയും നിറഞ്ഞ സ്റ്റെപ്പിയാണ്. എന്തു ചെയ്യും ? പേടിയോടെ അയാള്‍ സിയോള്‍ക്കോവ്സ്ക്കിയെ നോക്കുന്നു.

കസാലയില്‍ കുനിഞ്ഞിരുന്നു സ്യള്‍ക്കവ്സ്ക്കി ഉറക്കെ ആത്മഗതം ചെയ്തു. “അത് ശരിയാവില്ല”.

 

                                                                                                            (തുടരും)          

Leave a Reply