POST DETAILS

ജ്യോതിശ്ശാസ്ത്രചരിത്രം -ഭാഗം-7 അറബ് ജ്യോതിശ്ശാസ്ത്രം

 ചിണ്ടന്‍കുട്ടി:

ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാം മതത്തിന്റെ ഉദയത്തിന് മുമ്പ് തന്നെ മദ്ധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ജ്യോതിശ്ശാസ്ത്രം വളര്‍ന്നു വന്നിരുന്നു.  പുരാതന ബാബിലോണിയയിലും ഗ്രീസിലും വികസിച്ചു വന്ന ജ്യോതിശ്ശാസ്ത്ര കാഴ്ചപ്പാടുകള്‍ തന്നെയാണ് അറേബ്യയിലും പ്രചാരത്തിലുണ്ടായിരുന്നത്. ഇസ്ലാമിക ഭരണാധികാരികള്‍ പൊതുവേ ശാസ്ത്രവിഷയങ്ങളില്‍ ‍പ്രകടിപ്പിച്ച താല്‍പര്യം ജ്യോതിശ്ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനകമായി തീര്‍ന്നു. ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളുടെ തകര്‍ച്ചയോടെ അവര്‍ രചിച്ച് വെച്ച ശാസ്ത്രപുസ്തകങ്ങളും അറിവും നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് അറബ് പണ്ഡിതര്‍ അവയുടെ സംരക്ഷണത്തിന് തുനിഞ്ഞത്. അവര്‍ ഗ്രീസ്, റോം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം പുസ്തകങ്ങള്‍ ശേഖരിച്ച് അറബി ഭാഷയിലേക്കും മറ്റ് യുറോപ്യന്‍ ഭാഷകളിലേക്കും തര്‍ജുമ ചെയ്തു പ്രചരിപ്പിച്ചു.

അക്കൂട്ടത്തില്‍ പെട്ട ഒരു പ്രധാന പുസ്തകമാണ്  ടോളമിയുടെ “മെഗലെ മാത്തമാറ്റിക്കല്‍ സിന്റാക്സിസ്” (Megale Mthematical Syntaxis). ഈ പുസ്തകം ‘ Al-Majesty’ (മഹത്തരം) എന്ന പേരില്‍ അറബി ഭാഷയില്‍ തര്‍ജമ ചെയ്ത് യൂറോപ്പില്‍ പ്രചരിപ്പിച്ചു. എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ്-ഇബ്ന്‍-അല്‍-സഫാരിയും, യാക്കൂബ്- ഇബ്ന്‍- താരിഖും ചേര്‍ന്ന് ഇന്ത്യന്‍ ജ്യോതിശാസ്ത്ര പുസ്തകത്തെ സിജ്-അല്‍-ഹിന്ദ്-സിന്ദ് എന്ന പേരില്‍ തര്‍ജമ ചെയ്തു. ജാഹിലിയ്യ യുഗത്തില്‍ ഗ്രീക്ക് ജ്യോതിശ്ശാസ്ത്രത്തില്‍ നിന്ന് ലഭിച്ച അറിവാണ് മുഹമ്മദ് നബിക്ക് ശേഷവും അറബ് പ്രദേശങ്ങളില്‍ പ്രചാരത്തിലിരുന്നത്. കാലഗണനയ്ക്ക് 29½ ദിവസങ്ങളടങ്ങുന്ന ചാന്ദ്രമാസവും 12 മാസങ്ങളടങ്ങുന്ന വര്‍ഷവും അങ്ങനെ 354 ദിവസങ്ങളുടെതായ വര്‍ഷത്തിന്റെ കലണ്ടര്‍ അറബ് നാടുകള്‍ സ്വീകരിച്ചു. ഈ കലണ്ടര്‍ പ്രകാരം എല്ലാ അറബ് മാസവും എല്ലാ ഋതുക്കളിലൂടെയും കടന്നു പോകും. മദ്ധ്യ പൗസ്ത്യദേശം കൃഷിയേക്കാള്‍  കച്ചവടത്തിന്  പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ കാര്‍ഷികവ്യവസ്ഥക്ക് ആവശ്യമായ കലണ്ടര്‍ അവര്‍ സ്വീകരിച്ചില്ല. അത് മതപരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ഉപയോഗിച്ചത്. കച്ചവടക്കാര്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് സ്വാഭാവികമാണല്ലോ. യാത്ര സമുദ്രങ്ങളിലും മരുഭൂമിയിലും കൂടി വേണ്ടി വരും. മരുഭൂമികളില്‍ പകല്‍യാത്ര അസാദ്ധ്യമായതിനാല്‍ രാത്രിയാത്രയ്ക്ക് വഴി കാട്ടികളായത് ആകാശത്തെ സ്ഥിരനക്ഷത്രങ്ങളായി. കപ്പല്‍ യാത്രയ്ക്ക് അക്ഷാംശം അറിയണം. പൊതുവെ പറഞ്ഞാല്‍ അക്കാലത്തെ ജ്യോതിശ്ശാസ്ത്രപ്രവര്‍ത്തനം അവശ്യാധിഷ്ടിതമായതിനാല്‍ അറബ് ജ്യോതിശ്ശാസ്ത്രധാരയ്ക്ക് ഒരു വിശാല പ്രാപഞ്ചിക കാഴ്ചപ്പാട് വികസിപ്പിക്കാന്‍ കഴിയാതെ പോയി.

അറബ് ഭരണാധികാരികള്‍ പൊതുവെ വിജ്ഞാന സമ്പാദനത്തെ പ്രോല്‍സാഹിപ്പിക്കുന്നവരായിരുന്നു. അത് ജ്യോതിശ്ശാസ്ത്രവും വികസിക്കുന്നതിനും കാരണമായി.

ആസ്ട്രോലേബ്, ക്വാഡ്രന്റ്, ടോര്‍കിട്വം, പല തരത്തിലുള്ള ഘടികാരങ്ങള്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ അവര്‍ വിദഗ്ദ്ധരായിരുന്നു. എ.ഡി.773 ല്‍ ‘മങ്ക’ എന്ന ഭാരതീയ ജ്യോതിശ്ശാസ്തജ്ഞന്‍ അല്‍-മന്‍സൂര്‍ എന്ന ഖലീഫയ്ക്ക് ഭാസ്കരാചാര്യന്‍ II എഴുതിയ ‘സിദ്ധാന്ത ശിരോമണി’‍ എന്ന പുസ്തകം നല്‍കിയതായും അല്‍-ഫസീരി എന്നയാളെ അത് അറബ് ഭാഷയിലേക്ക് തര്‍ജമ ചെയ്യാന്‍ ചുമതലപ്പെടുത്തിയതായി രേഖയുണ്ട്.

സിദ്ധാന്തശിരോമണി

‘അഹര്‍ഗണം’ എന്ന പുസ്തകം സിജ്-അര്‍-‍ഖണ്ഡ്  എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ‘ഖണ്ഡകാദ്യകം  ‘സിജ്-അല്‍-ഷാ’ എന്ന പേരിലും ആര്യഭടീയം ‘സിജ്-അല്‍-അര്‍ഭജര്‍’ എന്ന പേരിലും തര്‍ജമ ചെയ്യുകയുണ്ടായി.

       

 

 

 

 

 

ആസ്ട്രോലേബ്                                       ക്വാഡ്രന്റ്     

അബ്ബാസിയ്യ ഖലീഫ, അല്‍-അമൂന്റെ കാലത്ത് പ്രശസ്തമായ ബൈത്ത്-അല്‍-ഹിഖ്മ (വിവേകത്തിന്റെ സൗധം) സ്ഥാപിച്ചു. ബൈസാന്റിയത്തിലെ ലിയോ ചക്രവര്‍ത്തിയുടെ കാലത്ത് ശേഖരിച്ചു കൊണ്ടു വന്ന ആയിരക്കണക്കിന് പുസ്തകങ്ങള്‍ ബൈത്ത് അല്‍-ഹിഖ്മയില്‍ ഉണ്ടായിരുന്നു. അല്‍-ഖ്വാരിസ്മി എന്ന വിഖ്യാത ശാസ്ത്രജ്ഞനായിരുന്നു ഈ ഗ്രന്ഥാലയത്തിന്റെ  ചുമതലക്കാരന്‍. അറബ് ജ്യോതിശാസ്ത്രജ്ഞന്മാരില്‍ എല്ലാവരും ടോളമിയുടെ നിലപാടുകള്‍ അംഗീകരിച്ചവരായിരുന്നില്ല. ഇബ്ന്‍-അല്‍-ഹയ്താം എന്ന ഭൗതികശ്ശാസ്തജ്ഞന്‍ ടോളമിയുടെ പല നിലപാടുകളോടും വിയോജിച്ച ആളായിരുന്നു. എ.ഡി.1015 ല്‍ ഹയ്താം എഴുതിയ ‘കിതാബ് -അല്‍-മനാസിര്‍'(പ്രകാശത്തിന്റെ പുസ്തകം) ലക്ഷണമൊത്ത ഒരു ശാസ്ത്രപുസ്തകമായി കരുതപ്പെടുന്നു. ഈ പുസ്തകം പില്‍ക്കാലത്ത് ഐസക്ക് ന്യൂട്ടന്‍, ഗലീലിയോ, ലിയോനാര്‍ഡോ ഡാവിഞ്ചി തുടങ്ങിയ ശാസ്ത്രജ്ഞരെയെല്ലാം സ്വാധീനിച്ചു. കണ്ണുകള്‍ വസ്തുക്കളെ കാണുന്നതെങ്ങനെയെന്ന് ടോളമി വിശദീകരിച്ച ശാസ്ത്രം തെറ്റാണെന്ന് ഹയ്താം ചൂണ്ടിക്കാണിച്ചു.ആദ്യമായി ഒരു പിന്‍ഹോള്‍ ക്യാമറയുണ്ടാക്കി പ്രകാശം നേര്‍ രേഖയിലൂടെ സഞ്ചരിക്കുന്നു എന്ന് പറഞ്ഞതും ഹയ്താം തന്നെയായിരുന്നു.

                                           

     

 

 

 

ബൈത്ത്അല്ഹിഖ്മ                             ഇബ്ന്അല്‍‍-ഹയ്ത്താം

 

ടോളമിയുടെ നിരീക്ഷണങ്ങളില്‍ മാറ്റം വരുത്തിയ മറ്റൊരു അറബ് ശാസ്ത്രജ്ഞനാണ് അല്‍-ബത്താനി. സിറിയയിലെ രാജകുമാരനായ അല്‍-ബത്താനി നല്ലൊരു വാനനിരീക്ഷകനും ആയിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ നക്ഷത്രപ്പട്ടിക ടോളമിയുടെ പിഴവുകള്‍ പരിഹരിച്ചാണ് ഉണ്ടാക്കിയത്. ഒരു വര്‍ഷം എന്നത് 365 ദിവസം, 5 മണിക്കൂര്‍, 24 സെക്കന്റുകള്‍ എന്നും ക്രാന്തിവൃത്തത്തിന്റെ (Ecliptic ) ഉല്‍ക്കേന്ദ്രത (Eccentricity) കൃത്യമായി 0.034° എന്ന്  കണക്കാക്കിയതും അല്‍-ബത്താനിയാണ്. അല്‍-ബത്താനിയുടെ സമകാലികനായ അലി-ഇബന്‍-യൂനുസാണ് ഹാക്കിമി-സിജ് എന്ന നക്ഷത്രപ്പട്ടിക ഉണ്ടാക്കിയതും ആന്‍ഡ്രോമീഡ എന്ന ഗാലക്സിയെ ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയതും.

പ്രസിദ്ധ പേര്‍ഷ്യന്‍ സഞ്ചാരി അല്‍-ബിറൂണി എന്നറിയപ്പെടുന്ന അബു-രയ്ഹാന്‍ മുഹമ്മദ്-ഇബന്‍-അഹമ്മദ് നല്ല ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‍ ആയിരുന്നു. ഒരു ഇറാനിയന്‍ വംശജനായ അല്‍-ബിറൂണി, ഇറാനിലെ ക്വാരിസം എന്ന സ്ഥലത്ത് എ.ഡി. 973ല്‍ ജനിച്ചു. സഞ്ചാരപ്രിയനായിരുന്ന ഇദ്ദേഹം സുല്‍ത്താന്‍ മുഹമ്മദ് ഘസനിയുടെ കൊട്ടാരപരിവാരങ്ങളുടെ കൂടെ ജീവിക്കുകയും ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. ഇന്ത്യയിലെ സഞ്ചാര അനുഭവങ്ങളെപ്പറ്റി യും ജനജീവിതത്തെപ്പറ്റിയും അല്‍-ബിറൂണി എഴുതിയ പുസ്തകം കിത്താബ്-അല്‍-ഹിന്ദ് എന്ന പേരില്‍ അറിയപ്പെടുന്നു. സംസ്കൃതം,പേര്‍ഷ്യന്‍,ഹീബ്രു,സിറിയക്ക് തുടങ്ങിയ ഭാഷകളില്‍ പ്രവീണനായ അല്‍-ബിറൂണി  എ.ഡി.1030ലാണ് കിത്താബ്-അല്‍-ഹിന്ദ് എഴുതിയത്. വരാഹമിഹിരന്റെയും ബ്രഹ്മഗുപ്തന്റെയും ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങള്‍ പരിശോധിച്ച് അവരെപ്പറ്റി തനിക്കുള്ള മതിപ്പും അവരുടെ ചില ആശയങ്ങളോടുള്ള എതിരഭിപ്രായവും മറയില്ലാതെ വിശദമായി എഴുതി. (വരാഹമിഹിരന്റെ കാലത്ത് ഗ്രീക്ക് ജ്യോതിഷത്തില്‍ നിന്നും സ്വീകരിച്ച ആശയധാരയെ (പ്രത്യേകിച്ചും ഫലഭാഗജ്യോതിഷത്തെ) ബിറൂണി തന്റെ പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട്.    ‍  ‍

       

 

 

 

 

 

അല്‍-ബിറൂണി                     അല്‍-ഖ്വാരിസ്മി                           

 

കിതാബ്-അല്‍-ഹിന്ദ്

എ.ഡി. 829 ല്‍ ബൈത്ത്- അല്‍-ഹിക്മയുടെ ചുമതലക്കാരനായിരുന്ന അല്‍- ഖ്വാരിസ്മി വിജ്ഞാന സമ്പാദനത്തിനായി ഇന്ത്യ, അഫ്ഘാനിസ്ഥാന്‍, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ജ്യോതിശ്ശാസ്ത്രസിദ്ധാന്തങ്ങള്‍ സ്വായത്തമാക്കുകയും ചയ്തു. അല്‍-ജീബ്ര എന്ന ഗണിതശാസ്ത്രശാഖയ്ക്ക് ‍‍ ‍രൂപം നല്‍കിയത് അല്‍-ഖ്വാരിസ്മിയാണ്. ഇദ്ദേഹം നിര്‍മിച്ച ജ്യോതിശ്ശാസ്ത്ര പട്ടികകള്‍ ഉണ്ടാക്കിയത് ഉജ്ജയിനിയുടെ അക്ഷാംശം അടിസ്ഥാനമാക്കിയാണ്. 365  ദിവസങ്ങള്‍ അടങ്ങുന്ന ഒരു വാര്‍ഷിക കലണ്ടര്‍ വസന്തവിഷുവ (Vernal Equinox) ത്തില്‍ തുടങ്ങുന്ന ഒരു വര്‍ഷാരംഭം കുറിക്കുവാനും ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. അല്‍-ഖ്വാരിസ്മിയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റ് രണ്ട് പ്രശസ്തന്മാരായിരുന്നു ഹസന്‍ സാബിത്ത് -ഇബ്ന്‍- ഖുറയും ‍അല്‍-ഫര്‍ഘാനിയും. അബ്ബാസിദ്ദ് ഖാലിഫേറ്റിന് ശേഷം വന്ന സുല്‍ത്താന്മാര്‍ ബുഖാറ, സമര്‍ഖണ്ഡ്, ഖിവാന എന്നിവിടങ്ങളില്‍ നിരീക്ഷണനിലയങ്ങള്‍ സ്ഥാപിച്ചു. പതിമൂന്നാം നൂറ്റാണ്ടോടെ അറബ് ജ്യോതിശ്ശാസ്ത്രത്തിന്റെ വളര്‍ച്ച മുട്ടാന്‍ തുടങ്ങിയിരുന്നു. മംഗോളിയന്‍ രാജാക്കന്മാരുടെ ആക്രമണത്താല്‍ നഗരങ്ങള്‍ നശിക്കുകയും സ്ഥാപനങ്ങളും മറ്റും വന്‍ തോതില്‍ കൊള്ളയടിക്കുകയും ചെയ്തതോടെ സാമ്പത്തികമായും വൈജ്ഞാനികമായും തകരുകയായിരുന്നു. നാസിറുദ്ദിന്‍ അല്‍-തുസി എന്ന യോദ്ധാവ് അപ്പോഴും ബൈത്ത്-അല്‍-ഹിക്മയിലെ അവശിഷ്ട പുസ്തകങ്ങള്‍ ശേഖരിച്ച് പുതിയൊരു ഗ്രന്ഥാലയം നിര്‍മിച്ചു. പിന്നീട് അതൊരു വാനനിരീക്ഷണകേന്ദ്രമാക്കി മാറ്റി. ഈ കേന്ദ്രം മൊറാഗ നിരീക്ഷണകേന്ദ്രം എന്ന് അറിയപ്പെട്ടു. മൊറാഗയില്‍ അക്കാലത്ത് ഉണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പുതിയൊരു നക്ഷത്രപ്പട്ടിക തയ്യാറാക്കിയത് സിജ്-അല്‍-ഇല്‍ഖാനിക്ക് എന്ന പേരില്‍ ഉപയോഗിക്കുന്നു.

മുയ്യാദ്-അല്‍-ദിന്‍-അല്‍-ഉര്‍ദി (1266), ഖുത്തബ്–അല്‍-ദിന്‍-അല്‍-ഷിരാസി (1311) ,അബുല്‍-അല്‍-റഹ് മാന്‍ അല്‍-സൂഫി തുടങ്ങിയവര്‍ അറബ് ജ്യോതിശ്ശാസ്ത്രത്തിന് വിലപ്പെട്ട സംഭാവന നല്‍കിയവരാണ്. മംഗോളിയരുടെ അധിനിവേശത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ സമര്‍ഖണ്ഡില്‍ മാത്രം ഒതുങ്ങി. ലെമര്‍ ലെയ്ന്‍ എന്ന മംഗോളിയന്‍ ചക്രവര്‍ത്തിയുടെ താല്‍പര്യം കൊണ്ട് ജ്യോതിശ്ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ പൗത്രന്‍ മുഹമ്മദ് തരാഗി (ഉലുഗ് ബേഗ്) എന്ന രാജകുമാരന്‍ സമര്‍ഖണ്ഡില്‍ ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കുകയുണ്ടായി. 1437 ല്‍ അദ്ദേഹം ഉണ്ടാക്കിയ നക്ഷത്രപ്പട്ടിക ഏറെക്കാലം യൂറോപ്പിലും ഉപയോഗിക്കപ്പെട്ടു.

                                                ഉലൂഗ് ബേഗ് (മുഹമ്മദ് തരാഗി)

 

 

സമര്‍ഖണ്ട് നിരീക്ഷണനിലയം

അറബ് ജ്യോതിശ്ശാസ്ത്രത്തിന്റെ സ്വാധീനം ചൈനയിലും പ്രകടമായിരുന്നു. ‘മയിസെ’ എന്ന മുസ്ലിം ജ്യോതിശ്ശാസ്ത്രജ്ഞന്‍ സൊങ്ങ് രാജവംശക്കാലത്ത് ഏഴ് ദിവസങ്ങളടങ്ങുന്ന ആഴ്ച എന്ന ആശയം ചൈനയില്‍ പ്രചരിപ്പിച്ചു. മംഗോള്‍ രാജാക്കന്മാര്‍ക്കും യുവാന്‍ രാജാക്കന്മാര്‍ക്കും വേണ്ടി കലണ്ടര്‍ നിര്‍മിച്ച് നല്‍കിയത് അറബ് പണ്ഡിതരായിരുന്നു. 1577 ആയപ്പോഴേക്കും അറബ് രാജ്യങ്ങളില്‍ ജ്യോതിശ്ശാസ്ത്രം മതമൗലികവാദത്തിന്റെ പിടിയില്‍പ്പെട്ട് പാടെ അപ്രസക്തമായിപ്പോയി എന്ന് തന്നെ പറയാം. വാനനിരീക്ഷണത്തിലും ഉപകരണ നിര്‍മാണത്തിലും അസാമാന്യ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചവര്‍ പിന്നീട് മതാത്മക താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിനാല്‍ മൗലികമായ ഒരു പ്രപഞ്ചവീക്ഷണം വളര്‍ത്തിയെടുക്കാന്‍ അറബികള്‍ക്ക് കഴിഞ്ഞില്ല.   ‍

 

                                                                                                            (തുടരും)

                                                                                                                 

 

Leave a Reply